സംസ്ഥാന പൊലീസിൽ വിശ്വാസമില്ല; കേന്ദ്ര സേനയുടെ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയിൽ
സംസ്ഥാന പൊലീസിൽ വിശ്വാസമില്ലാത്തതിനാൽ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് കോടതിയിൽ. സ്വപ്ന നൽകിയ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
താൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പടെ തനിക്കു ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. എന്നാൽ, ഇഡി ഉദ്യോഗസ്ഥർക്ക് പോലും കേരളത്തിൽ ഇത്തരത്തിൽ സുരക്ഷയില്ലെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, സ്വപ്നയുടെ ആവശ്യത്തിൽ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നും ഇഡി അഭിഭാഷകൻ അറിയിച്ചു.
വിജിലൻസ് എഡിജിപിയായിരുന്ന എംആർ അജിത്ത് കുമാർ പരാതി പിൻവലിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഏജൻറിനെ പോലെ പ്രവർത്തിച്ചുവെന്നും സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇപ്പോൾ തനിക്ക് ചുറ്റുമുള്ള പൊലീസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിൻവലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു. ഇതിനിടയിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വപ്ന സുരക്ഷയ്ക്കായി രണ്ട് സ്വകാര്യ ബോഡി ഗാർഡുകളെ നിയോഗിച്ചിരുന്നു. ഇവർ മുഴുവൻ സമയവും സ്വപ്നയ്ക്കൊപ്പം ഉണ്ടാകും.