പാരലലായി ബസ് സർവീസ് നടത്തുന്ന ട്രാൻസ്പോർട്ട് മന്ത്രി ഡ്യൂപ്ലിക്കേറ്റ് ഗണേശൻ; ഗണേശൻറെ തന്തയാണ് നടേശനെന്നും പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടിയ ആളാണ് ഗണേഷ്കുമാറെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണ് ഗണേശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന് പറയുന്നു. അത് വേറെ ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. എന്നാൽ അവന്റെ തന്തയാണ് നടേശൻ. നടേശൻ എന്നാൽ സാക്ഷാൽ ശിവൻ ആണ്. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ച ആളാണ് ഈ മന്ത്രി ഗണേശൻ.
ഇത് വെറും ഡൂപ്ലിക്കേറ്റ് ഗണേശനാണ്. ഇയാൾ ട്രാൻസ്പോർട്ട് മന്ത്രിയല്ലേ, അപ്പോൾ ഒരു ട്രാൻസ്പോർട്ട് മന്ത്രി പാരലായി ട്രാൻസ്പോർട്ട് നടത്തുന്നത് എങ്ങനെയാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഫ്യൂഡൽ മാടമ്പിക്ക് അപ്പുറമാണ് ഇയാളുടെ പെരുമാറ്റം. അവന്റെ പാരമ്പര്യം തന്നെ അതാണ്. അവനാണ് എന്നോട് പറയാൻ വരുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗണേഷിന് ശേഷം ദേവസ്വം ബോർഡിനെയാണ് വെള്ളാപ്പള്ളി കടന്നാക്രമിച്ചത്. കേരളത്തിലെ എല്ലാ ദേവസ്വങ്ങളിലും മോഷണം നടക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് അഴിച്ചുപണിയണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് എന്തും കാണിക്കാനുള്ള ഇടമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അതോടൊപ്പം നമ്പൂതിരിമാരും പോറ്റിമാരുമാണ് സ്വര്‍ണം കക്കുന്നതെന്ന തന്റെ മുൻ പ്രസ്താവനയില്‍ ബ്രാഹ്മണസഭയോട് വെള്ളാപ്പള്ളി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ ശബരിമലയിലെ അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ്. വാതിലായും പലകയായും പലതായും ദേവസ്വം ബോര്‍ഡിലെ അഴിമതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരാളുടെ കാലത്തല്ല പലരുടേയും കാലത്ത് അഴിമതി നടന്നു. പത്മകുമാര്‍ എന്നയാൾ ഭയങ്കര കുഴപ്പക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിന്നീട് അദ്ദേഹം പറഞ്ഞത് ജി സുധാകരനെ കുറിച്ചാണ്. സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ്. കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ല. എന്നാൽ പാർട്ടി നേതാക്കളുടെ വളർച്ച ഉൾകൊള്ളാൻ ജി. സുധാകരൻ തയ്യാറാവണം. പിഡബ്ല്യുഡി മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയാൽ ആർക്കും വിഷമം ഉണ്ടാവും എന്നും വെള്ളാപ്പള്ളി പറഞ്ഞു.
അഴിമതിരഹിതമായി കുറേ കാര്യങ്ങൾ എങ്കിലും നടക്കണമെങ്കില്‍ ഇന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണസംവിധാനം അഴിച്ചുപണിയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. ഒരൊറ്റ ബോര്‍ഡുണ്ടാക്കി എന്തുകൊണ്ട് ഒരു ഐഎഎസുകാരനെ തലപ്പത്ത് വെച്ചുകൂടാ എന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.
വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാറും പ്രതികരിച്ചു. അത് ഓരോരുത്തരുടെ സംസ്കാരമാണ്. എല്ലാവര്ക്കും ഒരേ സംസ്കാരമല്ല. ആ സംസ്കാരം ആളുകള്‍ തിരിച്ചറിഞ്ഞാല്‍ മതി. അതിന് മറുപടിയൊന്നും പറയുന്നില്ല. ആ ലെവലല്ല എന്റെ ലെവല്‍. ഇത്തിരി കൂടിയ ലെവലാണ് തന്റേത്. പ്രായവും പക്വതയുമില്ലാതെ, കള്‍ച്ചറില്ലാതെ പലരും പലതും സംസാരിക്കും. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. ആ ലെവലിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
എല്ലാവരെയും വിമർശിക്കാൻ വെള്ളാപ്പള്ളി നടേശന് സ്വാതന്ത്രമുണ്ട്. അതിന് വേണ്ടി സ്വയം നന്നാകണം എന്നുമില്ല. വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന താങ്കൾ, ഇപ്പോൾ ആരെയെങ്കിലും അപമാനിക്കാൻ വേണ്ടിയാണെങ്കിലും വർഗീയത ഒഴിവാക്കിയതിൽ അഭിനന്ദനങ്ങൾ.