തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; പരാതിപ്പെട്ടപ്പോള്‍ പ്രസിഡന്റ് മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥികള്‍
വിവാദ നായകനായ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. പ്രസ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യര്‍ത്ഥികള്‍ പ്രസ് ക്ലബ്ബിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി കുത്തിയിരുന്ന് സമരം നടത്തി.
നാല്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ക്യാമറയും എഡിറ്റിംഗ് പഠിക്കാന്‍ ഒരു കമ്പ്യൂട്ടറും മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്ളത്. ജേര്‍ണലിസം പഠനത്തിന് ആവശ്യമായ ന്യൂസ് റൂമുകള്‍, റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ എന്നിവയൊന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാകുന്നില്ല. ലൈബ്രറിയിലുള്ള കമ്പ്യൂട്ടറുകളൊന്നും പ്രവര്‍ത്തനയോഗ്യമല്ല. ഏഴു മാസങ്ങളായി അവിടെ പഠിക്കുന്ന തങ്ങള്‍ക്ക് തങ്ങള്‍ അടച്ച ഫീസിന് ആനുപാതികമായ സൗകര്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ സാര്ക്ക്ലൈവിനോട് പറഞ്ഞു. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പ്രസ് ക്ലബ് പ്രസിഡന്റായ എം.രാധാകൃഷ്ണന് മോശമായി പെരുമാറിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പുതിയ പുസ്തകങ്ങളോ പീരിയോഡിക്കലുകളോ ലഭ്യമാകുന്നില്ല. ക്ലാസ് മുറികളില്‍ കേടുപാടുകളില്ലാത്ത ഫര്‍ണിച്ചറുകളോ പ്രവര്‍ത്തനക്ഷമമായ എസിയോ ലഭ്യമല്ല. ഇക്കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിലുള്ള താല്പര്യം നഷ്ടപ്പെടുകയും പലരും ക്ലാസില്‍ വരാന്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച നിവേദനം സ്റ്റാഫ് കമ്മിറ്റി പ്രസ് ക്ലബ്ബ് അധികാരികള്‍ക്ക് നല്‍കിയെങ്കിലും നിവേദനം ലഭിച്ചിട്ടില്ലെന്നാണ് എം.രാധാകൃഷ്ണന് മറുപടി നല്‍കിയത്.
ആവശ്യങ്ങളോട് നിഷേധാത്മകമായ സമീപനമാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. അധികാരത്തില്‍ കയറുകയാണെങ്കില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടായി ഐജെടിയെ മാറ്റുമെന്ന് അവകാശപ്പെട്ട പ്രസ് ക്ലബ്ബ് നേതൃത്വം അധികാരത്തില്‍ എത്തിയതിന് ശേഷം മികച്ച അധ്യാപകരെയുള്‍പ്പെടെ ഒഴിവാക്കുകയും സ്ഥാപനത്തെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഡയറ്കടര്‍ക്കും ഫാക്കല്‍റ്റിക്കും ലൈബ്രേറിയനും നല്‍കേണ്ട ശമ്പളവും ഓണറേറിയവും 5 മാസമായി കുടിശികയാണ്.
വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ ഡയറക്ടറായ ജോണ്മേരിയെ പുറത്താക്കാന്‍ പ്രസ് ക്ലബ്ബ് നേതൃത്വം ഗൂഢാലോചന നടത്തുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോഴ്സ് പൂര്‍ത്തിയായവരുടെ ഫലപ്രഖ്യാപനം നടത്തി മാസങ്ങളായിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര പോലീസിംഗ് നടത്തിയതിന്റെ പേരില്‍ നിയമ നടപടികള്‍ നേരിടുന്നയാളാണ് എം.രാധാകൃഷ്ണന്. പരാതിയില്‍ അന്വേഷണം നടത്തിയ കേരള കൗമുദിയുടെ പാനല്‍ രാധാകൃഷ്ണന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം പിരിച്ച സംഭവത്തില്‍ രാധാകൃഷ്ണനെതിരെ തിരുവനന്തപുരം മേയര്‍ കഴിഞ്ഞ വര്‍ഷം പോലീസില്‍ പരാതി നല്‍കിയിരുന്നു. കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് പ്രസ് ക്ലബ്ബില്‍ നടത്തിയ കമ്യൂണിറ്റി കിച്ചണ്‍ തിരുവനന്തപുരം കോര്‍പറേഷന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രാധാകൃഷ്ണന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്.
Content Highlights: Thiruvanathapuram Press Club, IJT, Institute of Journalism, M Radhakrishnan