തൃക്കാക്കരയിൽ ഇനി ഉമയുടെ കാലം; കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ചു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷവുമായി ഉമ തോമസ് വിജയിച്ചു. വിജയം 25,016 വോട്ടിന്റെ ലീഡില്‍. മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ ഉമ തോമസ് നേടിയത്. തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹന്നാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം എന്ന റെക്കോർഡാണ് ഉമ തോമസ് തകര്‍ത്തത്. ആറു റൗണ്ട് പിന്നിട്ടപ്പോള്‍ ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ പി ടി തോമസിന്റെ 14,239 എന്ന ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടിരുന്നു.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നില ഉയര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചില്ല. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് പ്രതികരണമറിയിച്ചു.
പി ടി തോമസ് അന്തരിച്ചതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് എന്നിവരാണ് മത്സരിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. ആദ്യ റൗണ്ടുകളില്‍ തന്നെ വ്യക്തമായ ലീഡിലൂടെ ഉമ തോമസ് മുന്നില്‍ തന്നെയായിരുന്നു.
Content Highlights – Uma Thomas, UDF Won, Thrikakkara By- Election