‘സ്വപ്ന പറയുന്നത് നുണയെങ്കിൽ മുഖ്യമന്ത്രി കേസ് കൊടുക്കട്ടെ’- വി ഡി സതീശൻ
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷം. സ്വപ്ന സുരേഷിന്റെ മൊഴി കള്ളമാണെങ്കിൽ അവരെ ഏഴ് വർഷം വരെ തടവ് ശിക്ഷനൽകാവുന്ന കുറ്റമാണ്. ഇതറിയാമായിരുന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് പരാതി നൽകാൻ തയ്യാറാവാത്തതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.
സ്വപ്ന സുരേഷും ഷാജ് കിരണും തമ്മിലുള്ള ഫോൺസംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തു വന്നതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ദുതനായാണ് ഷാജ് കിരൺ എത്തിയതെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖയാണ് സ്വപ്ന ഇന്ന് മാധ്യങ്ങളിലൂടെ പുറത്തുവിട്ടത്.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെതിരെ വലിയ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. അധികാത്തിന്റെ ഹുങ്കിൽ ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ ദൂതനെന്ന പേരിൽ ഷാജ് കിരൺ ചെയ്യുന്നത്. സ്വപ്ന പറയുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ലെങ്കിൽ ഇക്കാര്യങ്ങൾ സഹിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കില്ല. അദ്ദേഹത്തിന് നേരിട്ട് കോടതിയെ സമീപിക്കാവുന്നതാണ്.
സ്വർണക്കടത്ത് കേസിൽ എന്തൊക്കെയോ ഒത്തു തീർപ്പുകൾ നടന്നിട്ടുണ്ട്. നിയമം കയ്യിലെടുത്താണ് സർക്കാറും പാർട്ടിയും മുന്നോട്ടു പോവുന്നത്. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വി ഡി സതീശൻ പറയുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തൽ വരുന്നുവെന്ന് അറിഞ്ഞയുടനെ തന്നെ ബി ജെ പി സംസ്ഥാന അധ്യക്ഷനെതിരെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്തു. ഇനി നടക്കാൻ പോവുന്നത് ഈ കേസുകളിൽ സി പി എമ്മും ബി ജെ പിയും ഒത്തുകളിക്കും. അതിനുള്ള തുടക്കമാണ് ഇതെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
Content Highlights: V D Satheesan against CM on Swapna case