‘ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ പിണറായി വിജയൻ നടത്തിയ ശ്രമങ്ങൾക്ക് കാലം കണക്ക് ചോദിക്കും’ – വിഡി സതീശൻ
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിനിടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിൽ അനാദരവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരവ് അർപ്പിച്ചുകൊണ്ട് ചിലർ അങ്ങനെ ചെയ്തതെന്നും ആർക്കും എതിരായല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ പിണറായി വിജയൻ നടത്തിയ ശ്രമങ്ങൾക്ക് കാലം കണക്ക് ചോദിക്കും. പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ്. തയ്യാറാണെന്നും ആരുടേയും ഔദാര്യം വേണ്ടായെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വേട്ടയാടലുകൾക്ക് വിധേയനായ ആളാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. ജനസമ്പർക്ക പരിപാടി നടത്തി ജനങ്ങളെ ഹൃദയത്തിലേറ്റി മുന്നോട്ട് പോകുന്ന ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടി ഗൂഡാലോചന നടത്തി രൂപപ്പെടുത്തിയെടുത്ത ആരോപണങ്ങളാണ് അന്ന് ഉന്നയിച്ചത്. അക്കാര്യം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയാം.
സോളാർ കേസിൽ മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷിച്ചിട്ടും ഉമ്മൻ ചാണ്ടിക്കെതിരെ ഒരു കുറ്റവും കണ്ടെത്താനായില്ല. സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും അദ്ദേഹം വരുത്തിയിട്ടില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞു. എന്നിട്ടും മതിവരാഞ്ഞ് ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്നതിന് വേണ്ടി പിണറായി വിജയൻ ആരോപണ വിധേയയായ സ്ത്രീയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ടു. സി.ബി.ഐ അന്വേഷണത്തിന് പിന്നാലെ അലഞ്ഞ് നടന്ന് ഉമ്മൻ ചാണ്ടി നശിക്കട്ടെയെന്നും മാനംകെടട്ടേയെന്നുമാണ് അന്വേഷണത്തിന് ഉത്തരവിട്ടവർ കരുതിയത്. വന്ദ്യവയോധികനും ഏഴ് കൊല്ലം മുഖ്യമന്ത്രിയുമായിരുന്ന ആൾക്കെതിരെ ഗൂഡാലോചന നടത്തി ഉന്നയിച്ച ആരോപണങ്ങൾ സി.ബി.ഐ അന്വേഷിച്ചിട്ട് എന്തായി?
ആരന്വേഷിച്ചാലും സത്യം പുറത്ത് വരുമെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത്. സത്യം പുറത്ത് വന്നു. ഉമ്മൻ ചാണ്ടിക്കെതിരെ ആസൂത്രിതമായാണ് ആക്ഷേപം പറഞ്ഞതെന്നും വ്യക്തമായി. ജീവിതത്തിന്റെ സായാഹ്നത്തിൽ പുകമറയിൽ നിർത്തി ഉമ്മൻ ചാണ്ടിയെ അപമാനിക്കാനാണ് ശ്രമിച്ചത്. ഈ ആക്ഷേപം എത്ര കുളിച്ചാലും അവരുടെ ദേഹത്ത് നിന്നും പോകില്ല. ഇപ്പോഴിത് ഞങ്ങളെക്കൊണ്ട് സി.പി.എം പറയിപ്പിക്കരുതായിരുന്നു. ഇപ്പോൾ പറയണമെന്ന് ആഗ്രഹിച്ചതുമല്ല. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മനസിൽ നിൽക്കുമ്പോൾ ഇക്കാര്യം പറയേണ്ടതുമല്ല. പക്ഷെ എൽ.ഡി.എഫ്. കൺവീനർ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് പറഞ്ഞതിന്റെ അർത്ഥം ഈ കഥകളൊക്കെ ഒന്നുകൂടി പിണറായിക്കെതിരെ പറയാൻ വേണ്ടിയാണ്. എങ്കിലും എൽ.ഡി.എഫ് കൺവീനർ പറയുമ്പോൾ അതിന് മറുപടി പറയാതിരിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇപ്പോൾ പറയുന്നത്.
കാലം നിങ്ങളോട് കണക്ക് ചോദിക്കുമെന്ന് ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. പിണറായിയുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് തന്നെയാണ് അത് പറഞ്ഞത്. പിണറായി വിജയനെ ആരാണ് വേട്ടയാടിയത്? അദ്ദേഹത്തിനെതിരായ കേസ് ഇപ്പോഴും സുപ്രീം കോടതിയിൽ നിൽക്കുകയാണ്. ബി.ജെ.പി സ്വാധീനിച്ചാണ് 35 തവണ ആ കേസ് മാറ്റിവയ്പ്പിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയല്ലേ നൂറ് ദിവസം ജയിലിൽ കിടന്നത്? ലൈഫ് മിഷൻ കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും ജയിലിൽ പോയില്ലേ? മുഖ്യമന്ത്രിയല്ലേ ലൈഫ് മിഷൻ ചെയർമാൻ? എ.ഐ. ക്യാമറ, കെ ഫോൺ അഴിമതികളിലും മുഖ്യമന്ത്രിയാണ് ആരോപണവിധേയൻ. മെഡിക്കൽ സർവീസസ് കോർപറേഷനിലെ അഴിമതിയെ കുറിച്ച് പറഞ്ഞപ്പോൾ, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തതെന്നാണ് ശൈലജ ടീച്ചർ പറഞ്ഞത്. എല്ലാ കേസിലും പിണറായി പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. എല്ലാം പുറത്ത് വരും. ഇപ്പോൾ ജയരാജന് സന്തോഷമായിക്കാണും. ഞങ്ങളെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കാനാണ് പിണറായിയെ വേട്ടയാടിയെന്ന് ജയരാജൻ പറഞ്ഞത്.
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിനിടെ രണ്ട് കുട്ടികൾ വിലാപയാത്രയിൽ മുഴക്കിയ മുദ്രാവാക്യം വിളിച്ചതിൽ അനാദരവിന്റെ ഒരു പ്രശ്നവുമില്ല. ആർക്കും എതിരായല്ല, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരവ് അർപ്പിച്ചുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചത്. അനുസ്മരണ സമ്മേളനം ആയതിനാൽ മുദ്രാവാക്യം വിളി നിർത്താൻ കെ.പി.സി.സി അധ്യക്ഷനും ഞാനും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുകയും അവർ അത് അവസാനിപ്പിക്കുകയും ചെയ്തു. അത് എന്തിനാണ് വിവാദമാക്കുന്നത്? അവിടെ ആരും രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടില്ല.
പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരം നേരിടാൻ കോൺഗ്രസും യു.ഡി.എഫും തയാറാണ്. ആരുടെയും ഒരു ഔദാര്യവും വേണ്ടി. 53 കൊല്ലം ഉമ്മൻ ചാണ്ടി പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മാനം കാക്കാൻ ഞങ്ങൾ മത്സരിക്കും. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട-സതീശൻ പറഞ്ഞു