താന്‍ ക്യാപ്റ്റനല്ല, മുന്നണിപ്പോരാളി; അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ തന്നെ ക്യാപ്റ്റനെന്ന് അഭിസംബോധന ചെയ്ത അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. താന്‍ ക്യാപറ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും വി ഡി സതീശന് പറഞ്ഞു. ക്യാപ്റ്റനെന്ന വിളി കോണ്‍ഗ്രസില്‍ ആര്‍ക്കും താത്പര്യമില്ല, ആ വിളിയില്‍ ഒരു പരിഹാസമുണ്ട്. പോരാളികളല്ലാം ക്യാപ്റ്റന്മാരല്ല. കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണുള്ളതെന്നും വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കരയില്‍ ബിജെപിയുടേത് മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റി-20 വോട്ടും പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. അല്ലാതെ 25000ലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാന്‍ മാത്രമുള്ള പാര്‍ട്ടി വോട്ട് മണ്ഡലത്തിലില്ലെന്നും സതീശന് പറഞ്ഞു.
തൃക്കാക്കരയിലെ അഭിമാനകരമായ വിജയം പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും കൂടുതല്‍ ഊര്‍ജം പകരും. ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും സതീശന് വ്യക്തമാക്കി.
Content Highlights – V D Satheesan, UDF, Thrikakkara By-Election