ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്ന് വി ഡി സതീശന്
ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയന് ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കയാണ്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് വി ഡി സതീശന്റെ പ്രതികരണം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സി പി എം കല്ലെറിഞ്ഞത് പോലെ ഒരു യു ഡി എഫുകാരനും കല്ലെറിയില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി പുറത്ത് വന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്തിക്കും സമനില തെറ്റിയിരിക്കുകയാണെന്ന് വി ഡി സതീശന് ആരോപണമുയര്‍ത്തി.
മുഖ്യമന്ത്രി എന്തിനാണ് കേരളത്തില്‍ ഇത്രയും വലിയ സുരക്ഷയില്‍ പോകുന്നത്. എന്തിനാണ് ഇത്രയും വലിയ സുരക്ഷ ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനേയാണ്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ നടന്ന ആള് എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്നും വി ഡി സതീശന് ചോദിച്ചു.
സംസ്ഥാന വിജിലന്‍സ് മേധാവി ഷാജി കിരണിനെ 33 തവണയാണ് ഫോണില്‍ വിളിച്ചത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫിസോ അറിയാതെ വിജിലന്‍സ് ഡയറക്ടര്‍ മൊഴി പിന്‍വലിപ്പിക്കാനും മറ്റൊരു പ്രതിയെ തട്ടിക്കൊണ്ട് വരാനും ശ്രമിക്കില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ ഫ്ളാറ്റില്‍ നിന്ന് ഗുണ്ടകളെ പോലെ പിടിച്ചുകൊണ്ട് പോയ പൊലീസുകാര്‍ ഈ മുന്‍മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷനേതാവ് ചോദിക്കുന്നു.
Content Highlights – VD Satheesan, protests strongly against CM Pinarayi Vijayan, Kerala