കർണാടകത്തിലേതു പോലെ കേരളത്തിലെ കമ്മീഷൻ സർക്കാരിനെയും കോൺഗ്രസ് തുറന്നുകാട്ടും
വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്നവർക്ക് ആവേശം നൽകുന്ന ജനവിധിയാണ് കാർണാടക നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. ഈ ജനവിധി കർണാടകത്തിന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.
പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും നേതൃത്വത്തിൽ സർവസന്നാഹങ്ങളോടെ പോരാടിയിട്ടും വൻവിജയമാണ് കോൺഗ്രസ് നേടിയെടുത്തത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് നൽകിയത്. വർഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ പോരാട്ടം നടത്തിയതിനും ചോദ്യങ്ങൾ ചോദിച്ചതിന് രാഹുൽ ഗാന്ധി അയോഗ്യനാക്കാനും ജയിലിൽ അടയ്ക്കാനും ശ്രമിച്ചതിനെതിരായ ജനവികാരം കൂടിയാണിത്. മോദിയും അദാനിയും ഉൾപ്പെടെയുള്ള സംഘപരിവാർ ശക്തികളോട് ചോദ്യങ്ങൾ ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് അങ്ങ് ഒറ്റയ്ക്കല്ല ഞങ്ങളും ഒപ്പമുണ്ടെന്ന ഇന്ത്യയുടെ പ്രതീകവും ഐക്യദാർഡ്യവുമാണ് കർണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം.
40 ശതമാനം കമ്മീഷൻ സർക്കാർ എന്നതായിരുന്നു കർണാടകത്തിൽ കോൺഗ്രസ് മുന്നോട്ടുവച്ച മുദ്രാവാക്യം. കേരളത്തിൽ ലൈഫ് മിഷനിൽ 45 ശതമാനവും അഴിമതി ക്യാമറയിൽ 65 ശതമാനവുമായിരുന്നു കമ്മീഷൻ. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള കമ്മീഷനാണിത്. മൂന്നിൽ രണ്ട് ഭാഗം കമ്മീഷൻ വാങ്ങുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കർണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കോൺഗ്രസ് ഉയർത്തും.