ചികിത്സാ ആനുകൂല്യങ്ങൾക്കായി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുത്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ചികിത്സാ ആനുകൂല്യങ്ങൾക്കായി രോഗികളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്കീമുകളെല്ലാം ഏകജാലകം വഴിയുള്ള സൗകര്യമൊരുക്കണം. കാസ്പിൽ അർഹരായവർക്ക് നാഷണൽ വെബ്സൈറ്റ് ഡൗൺ ആയത് കാരണം ബുദ്ധിമുട്ട് വരരുത്. കാസ്പ് ഗുണഭോക്താക്കൾക്ക് നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് ലഭിക്കുന്നില്ലെന്ന പരാതി അടിയന്തരമായി പരിശോധിക്കണം. മരുന്നുകൾ പുറത്ത് നിന്നും എഴുതുന്നതും ഫാർമസിയിൽ സ്റ്റോക്കുള്ള മരുന്നുകൾ പോലും കൊടുക്കാൻ തയ്യാറാകാത്തതും അടിയന്തരമായി അന്വേഷിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം വൈകുന്നരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫൽ ചെയ്യുന്നതിന് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മെഡിക്കൽ കോളേജിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണ്. റഫറലും ബാക്ക് റഫറലും ഫലപ്രദമായി നടക്കാത്തതാണ് രോഗികൾ കൂടാൻ കാരണം. അതിനായി പെരിഫറിയിലുള്ള ആശുപത്രികളുടെ യോഗം വീണ്ടും വിളിച്ചു ചേർക്കുന്നതാണ്.
പാറ്റ, മൂട്ട, എലി ശല്യമുണ്ടെന്ന പരാതി വെയർ ഹൗസ് കോർപറേഷനുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കണം. 50 കിടക്കകൾ അധികമായി കണ്ടെത്തി ക്രമീകരണമൊരുക്കി രോഗികളെ മാറ്റിയായിരിക്കും പാറ്റ, മൂട്ട, എലി ശല്യം പരിഹരിക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. വാർഡുകളിലെ ദൈനംദിന ശുചീകരണ പ്രവർത്തനങ്ങൾ ഹെഡ് നഴ്സുമാരും നഴ്സിംഗ് സൂപ്രണ്ടും കർശനമായി നിരീക്ഷിക്കണം. സൂപ്പർവൈസറി ഗ്യാപ്പ് ഒഴിവാക്കുന്നതിന് നടപടിയുണ്ടാകണം. ഹൗസ് കീപ്പിംഗ് വിഭാഗം ശക്തിപ്പെടുത്തണം. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമല്ലാതെ പെട്ടെന്ന് വിളിച്ച് ലീവ് പറയുന്ന ജീവനക്കാരുടെ അവധി അനുവദിക്കരുത്.
1, 7, 8, 15, 26 27, 28 വാർഡുകൾ, ഐസിയു, കാസ്പ് കൗണ്ടർ, എച്ച്ഡിഎസ് നീതി മെഡിക്കൽ സ്റ്റോർ എന്നിവ മന്ത്രി ഉച്ചയ്ക്ക് സന്ദർശിച്ചു. കാസ്പ് ഗുണഭോക്താക്കൾ, രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ആർഎംഒ, നഴ്സിംഗ് സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.