കൂമ്പാരമേഘങ്ങളും മേഘവിസ്ഫോടനവും കേരളത്തെ ദുരിതക്കയത്തിലാഴ്ത്തുമ്പോള്!
കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേ തന്നെ തുടര്‍ച്ചയായുള്ള പേമാരിയും, വെള്ളപ്പൊക്കവും കേരളത്തില്‍ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. മഴ തീവ്രതയോട് ഭൂമിയിലേക്ക് പതിക്കുകയും തുടര്‍ന്നുണ്ടാകുന്ന മഴക്കെടുതിയില്‍ കേരളം വീര്‍പ്പുമുട്ടുകയുമാണ്. അറബിക്കടലിലെ ശക്തമായ ന്യൂനമര്‍ദ്ദമാണ് കാലം തെറ്റി പെയ്യുന്ന മഴയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ നല്കുന്ന വിവരം.
കേരളത്തിന്റെ ആകാശത്ത് മേഘവിസ്ഫോടനങ്ങള്‍ സംഭവിക്കുന്ന വിധത്തില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായെന്നും പ്രളയവും ഉരുള്‍പൊട്ടലും രൂക്ഷമായെന്നും കണ്ടെത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇത്തവണത്തെ കാലവര്‍ഷത്തിലും ഇനി തുടര്‍ന്നു വരുന്ന കാലങ്ങളിലും മേഘവിസ്ഫോടനത്തിന്റെ സാധ്യതകള്‍ ഏറെയാണ്. മേഘങ്ങള്‍ അതിഭീമമായ തോതില്‍ ഏതെങ്കിലും മേഖലയില്‍ കേന്ദ്രീകരിക്കുകയും പൊടുന്നനെ പെയ്തിറങ്ങുകയും ചെയ്യുന്നതാണ് മേഘവിസ്ഫോടനം. മണിക്കൂറില്‍ ഒറ്റത്തവണ 100 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ പെയ്താലത് മോഘവിസ്ഫോടനമാണ്.
പ്രവചനാതീതമാണ് മേഘവിസ്ഫോടനം. എവിടേയും എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാം. കേരളത്തിന് മുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷവും മേഘവിസ്ഫോടനത്തിന് ഇതിനിടയാക്കുന്ന കൂമ്പാരമേഘങ്ങള്‍ കണ്ടെത്തിയിരുന്നു. സാധാരണ കാലവര്‍ഷ സമയത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറ് ദൃശ്യമാകാറുള്ളത് ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാല്‍ സമീപകാലത്ത് 12 മുതല്‍ 14 വരെ കിലോമീറ്റര്‍ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് രൂപം കൊള്ളുന്നത്. ഇവയുടെ സാന്നിധ്യമാണ് ഇപ്പോള്‍ അടിക്കടി ഉണ്ടാവുന്ന മഴയുടെ കാരണമെന്നാണ് വിദഗ്ധരുടെ പഠനങ്ങള്‍ പറയുന്നത്. . കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ അളവില്‍ പെയ്യുന്ന മഴ പ്രളയം ഉണ്ടാക്കാന്‍ ഇടയാക്കുമെന്നതും വസ്തുതയാണ്.
2019 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമായി മുന്‍ പഠനങ്ങള്‍ പറയുന്നതും കുമ്പാര മേഘങ്ങളേയും ലഘു മേഘവിസ്ഫോടനങ്ങളെയുമാണ്. ഇത്തരത്തിലുള്ള മേഘവിസ്ഫോടനങ്ങള്‍ക്കു കാരണമാകുന്ന ഘടനയിലേക്കുള്ള മാറ്റമാണ് പശ്ചിമതീരത്ത് ഉണ്ടാവുന്നത്. വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണിത്. കേരളതീരമായ കിഴക്കന്‍ അറബിക്കടലിലെ താപനിലയിലെ വര്‍ധനയും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത്തിലുള്ള വര്‍ധനയും മേഘവിസ്ഫോടനങ്ങള്‍ക്ക് കാരണമാകും.
സംസ്ഥാനത്ത് രണ്ട് മണിക്കൂറില്‍ 5 സെന്റിമീറ്റര്‍ എന്ന തോതില്‍ കുറഞ്ഞ മഴപെയ്താലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചലിനും കാരണമാകും. അടിക്കടി മാറിവരുന്ന കാലാവസ്ഥാ വ്യതിയാനം നേരിടുമെന്നത് ഉത്തരം കിട്ടാത്ത് ചോദ്യമായി നിലകൊള്ളുന്നു.
Content Highlight – When clouds and cloudbursts make Kerala miserable