ഷറഫുദ്ദീന് വേണ്ടി മഹല്ല് കമ്മിറ്റിയും ക്ഷേത്ര സമിതിയും കൈകോർത്ത് നിന്നപ്പോൾ പിറന്നത് ചരിത്രം; ഒറ്റയടിക്ക് സമാഹരിച്ചത് അരക്കോടി രൂപ, കുടുക്ക പൊട്ടിച്ച പൈസയുമായി കുഞ്ഞുങ്ങളും
കഴിഞ്ഞ ദിവസം കേട്ടറിഞ്ഞ വളരെ സന്തോഷകരമായ ഒരു വാർത്തയാണ്. മലപ്പുറത്ത് ഒരു വൃക്കരോഗിയുടെ ചികിത്സയ്ക്കായി മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും ഒരുമിച്ച് നിന്ന് ഒരു പണപ്പിരിവ് നടത്തി. സോഷ്യൽമീഡിയയിൽ ലൈവ് വന്ന് കോടികൾ പിരിച്ചശേഷം കമ്മീഷൻ അടിച്ച് മാറ്റുന്ന നന്മമരം പരിപാടി അല്ല അവിടെ നടന്നത്.
മനുഷ്യ മനസ്സുകളിലെ യഥാർത്ഥ നന്മയാണ് അവിടെ പ്രകടമായത്. ആ കൂടിച്ചേരലിൽ, ഒരുമയിൽ, അവർ സമാഹരിച്ചത് അരക്കോടിയോളം രൂപയാണ്. അതും വെറും 12 മണിക്കൂർ സമയം മാത്രം എടുത്താണ് ഇത്രയും വലിയൊരു തുക അവർ സമാഹരിച്ചത്.
പുല്ലാര, മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു പുല്ലാരയിലെ ഈ കാരുണ്യ കൂട്ടായ്മ. വൃക്ക രോഗിയായ ഷറഫുദ്ദീൻ എന്നയാൾക്ക് വേണ്ടിയായിരുന്നു അവർ ധനസമാഹരണം നടത്തിയത്. ജാതിമത ഭേദമന്യേ, രാഷ്ട്രീയമായ വേർതിരിവുകൾ ഇല്ലാതെ, കാരുണ്യഹസ്തവുമായി നാട്ടുകാരും രംഗത്ത് വന്നതോടെ കാര്യങ്ങൾ ഉഷാറായി.
50 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് അവിടേക്ക് സംഭവനകളായി എത്തിയത്. അതിൽ ഏറ്റവും വലിയ സംഭാവന നൽകിയത് കുറച്ച് കുഞ്ഞുങ്ങളാണ്. 22 കുട്ടികളാണ് തങ്ങളുടെ സമ്പാദ്യമായ കുടുക്ക പൊട്ടിച്ച്, അതിലെ മുഴുവൻ സമ്പാദ്യവും ഷറഫുദ്ദീന്റെ ചികിത്സക്കായി നൽകിയത്. ആ കുടുക്കയിൽ ഉണ്ടായിരുന്ന തുക എന്തുമായിക്കൊള്ളട്ടെ, അത് മുഴുവൻ നൽകുക എന്നത് തന്നെയാണ് അതിന്റെ മഹത്വം. അതുകൊണ്ട് ഒരു ലക്ഷം കൊടുത്തവരെക്കാൾ മുന്നിൽ തന്നെ ആയിരിക്കും ആ കുട്ടികളുടെ സ്ഥാനം.
പുല്ലാര മഹല്ല് രൂപവത്കരിച്ച ഷറഫുദ്ദീൻ ചികിത്സാസഹായ സമിതിക്കുവേണ്ടി നാട്ടുകാർ ഒന്നിച്ചപ്പോൾ ഒരുപകൽ കൊണ്ട് മാത്രം ശേഖരിക്കാനായത് 50 ലക്ഷം രൂപയാണ്. നാട്ടുകാരോടും പ്രവാസികളോടും സഹായാഭ്യർഥന നടത്തിയ ശേഷം, ഞായറാഴ്ച പത്തു മണി മുതൽ രാത്രി വൈകുംവരെ പുല്ലാരയിലെ മഹല്ല് ഓഡിറ്റോറിയത്തിൽ ആണ് ഫണ്ട് ശേഖരണം നടന്നത്.
പുല്ലാര മഹല്ല് കമ്മിറ്റിക്കൊപ്പം പുല്ലാനൂർ ദുർഗാഭഗവതീക്ഷേത്ര കമ്മിറ്റിയും സമീപത്തെ മേൽമുറി മഹല്ല് കമ്മിറ്റിയും വിവിധ സംഘടനകളും ഒന്നിച്ചപ്പോഴാണ് അരക്കോടി രൂപ ഒറ്റയടിക്ക് സമാഹരിക്കാനായത്.
ഷറഫുദ്ദീന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് തുടക്കംകുറിച്ചു. കുട്ടികളുടെ സമ്പാദ്യക്കുടുക്കയിലെ ചില്ലറനാണയങ്ങൾ മുതൽ ലക്ഷങ്ങൾ വരെയുള്ള സംഖ്യകളുമായി 1600-ലധികം ആളുകൾ നേരിട്ടെത്തി പണം കമ്മിറ്റിക്ക് കൈമാറി. ഇതല്ലാതെ കുറേപേർ ഗൂഗിൾപേ വഴിയും പണം നൽകിയിരുന്നു. ബസ് ഡ്രൈവറായിരുന്ന ഷറഫുദ്ദീന്റെ ചികിത്സയ്ക്കായി രാത്രിയോടെ 46 ലക്ഷത്തി മുപ്പത്തി ആറായിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് രൂപയാണ് ലഭിച്ചത്.
ക്രൗഡ് ഫണ്ടിങ് പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ്, മഹല്ല് ജനറൽസെക്രട്ടറി മഹല്ല് ഖത്തീബ്, ക്ഷേത്രം മേൽശാന്തി, ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, ഷറഫുദ്ദീൻ സഹായസമിതി ഭാരവാഹികൾ, എന്നിങ്ങനെ വലിയൊരു കൂട്ടായ്മയാണ് അവിടെ ഉണ്ടായിരുന്നത്.
ഇങ്ങനെയുള്ള മതസൗഹാർദ്ദത്തോടെയുള്ള പരിപാടികൾ കേരളത്തിൽ പലയിടത്തും നടക്കുന്നുണ്ട്. എന്നാൽ മാധ്യമങ്ങളിലൂടെ നമ്മൾ കൂടുതലും കാണുന്നതും കേൾക്കുന്നതും വർഗീയതയിൽ ഊന്നിയ അക്രമ സംഭവങ്ങളാണ്. സോഷ്യൽ മീഡിയയിലും അത് വളരെ പ്രകടമായി തന്നെ കാണാൻ കഴിയും.
ഉദാഹരണത്തിന് ഒരു മോഷണക്കേസിൽ ആരെയെങ്കിലും പിടിച്ചതായി ഒരു ന്യൂസ് കണ്ടാൽ അതിന് കീഴെ വരുന്ന കമന്റുകൾ നോക്കുക. ഇയാൾ സുടാപ്പിയാണ്, അവരെ ഇത്തരം പണികൾ ചെയ്യൂ. അല്ലെങ്കിൽ ഇയാൾ സംഘിയാണ് അവരാണ് സാധാരണ ഇങ്ങനെ ചെയ്യുന്നത്. ഇതുപോലുള്ള കമന്റുകൾ ആയിരിക്കും ഭൂരിഭാഗവും. പിന്നെ പരസ്പരം തെറിവിളിയാകും, വെല്ലുവിളിയാകും.
എന്തായാലും ഒരു മനുഷ്യനെ മതം നോക്കാതെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച മലപ്പുറത്തെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ . അതിലേക്ക് ചെറുതെങ്കിലും, വലുതായ സംഭാവന നൽകിയ കുഞ്ഞുങ്ങളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.













