സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമാകുമോ?; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബലാത്സംഗക്കേസില്‍ ഹിരൺദാസ് മുരളി എന്ന വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്കി. നാളെയും ഹര്‍ജിയില്‍ വാദം തുടരും.
വിവാഹ വാഗ്ദാനം നല്കി വേടന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ ആവര്‍ത്തിച്ചു. വേടന് തന്നെ തെറ്റ് സമ്മതിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുചോദ്യമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്നേഹബന്ധത്തിലിരിക്കുന്ന സമയത്ത് നടന്ന ലൈംഗിക ബന്ധം വിള്ളലുണ്ടാകുമ്പോള്‍ എങ്ങനെ ബലാത്സംഗക്കുറ്റമാകുമെന്ന് കോടതി ചോദിച്ചു.
വേടനെതിരെ രണ്ടു യുവതികൾ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ സ്വന്തം കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വേടന് സ്ഥിരം കുറ്റവാളിയാണെന്ന പരാതിക്കാരിയുടെ വാദം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. വാദം കേള്‍ക്കുന്നതുവരെ വേടന്റെ അറസ്റ്റ്് ഹൈക്കോടതി തടഞ്ഞു.