‘വീഞ്ഞും കേക്കും’ പരാമര്‍ശം പിൻവലിക്കുന്നു, നിലപാടില്‍ മാറ്റമില്ല; മന്ത്രി സജി ചെറിയാൻ
വിവാദമായ വീഞ്ഞും കേക്കും പരാമര്‍ശം പിൻവലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. തന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ പുരോഹിതര്‍ സൂചിപ്പിച്ചു.
മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് ഉന്നയിക്കണമായിരുന്നു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും സ്ഥലം സന്ദര്‍ശിക്കണമെന്നുമുള്ള കാര്യങ്ങള്‍ സ്നേഹബുദ്ധിയാല്‍ എങ്കിലും ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തില്‍ താൻ ഉദ്ദേശിച്ചത്. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
‘രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ എന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ സംബന്ധിച്ച് ആശങ്കകളും പ്രയാസങ്ങളും പുരോഹിത ശ്രേഷ്ഠര്‍ നേരിട്ടും അല്ലാതെയും ശ്രദ്ധയില്‍പ്പെടുത്തി. അവര്‍ക്ക് പ്രയാസകരമായി തോന്നിയെങ്കില്‍ വീഞ്ഞും കേക്കും പരാമര്‍ശം പിൻവലിക്കുന്നു. വീഞ്ഞും കേക്കുമല്ല വലിയ രാഷ്ട്രീയ പ്രശ്നമാണ് ഉന്നയിച്ചത്. ഞാനൊരു മതേതരവാദിയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ആര്‍ക്കെങ്കിലും പരാമര്‍ശത്തില്‍ പ്രയാസമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു – മന്ത്രി വ്യക്തമാക്കി.