പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സഹപാഠി അറസ്റ്റിൽ
പ്രണയം നിരസിച്ചതിൻ്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച സഹപാഠി അറസ്റ്റിൽ. മൂന്നാർ ജി എച്ച് ക്വാർട്ടേഴ്സിൽ താമസിക്കുന്ന വി ബ്രിജേഷ് (18) ആണ് അറസ്റ്റിലായത്. ആക്രമണത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാൾ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മേയ് 12നായിരുന്നു സംഭവം.
കണ്ണൻദേവൻ കമ്പനിയുടെ ലക്ഷ്മി എസ്റ്റേറ്റിലെ സെവൻമല ഫാക്ടറി ഡിവിഷനിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടി സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്കു നടന്നുപോകുന്നതിനിടെ ബ്രിജേഷ് പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ബ്രിജേഷ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഒരേ സ്കൂളിൽ രണ്ടു ഡിവിഷനുകളിൽ പഠിക്കുന്നവരാണ് ഇരുവരും. ബ്രിജേഷിന്റെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് ആക്രമണകാരണമെന്നു പൊലീസ് പറഞ്ഞു.
ബ്രിജേഷിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി ചികിത്സയ്ക്കുശേഷം നേരത്തേ ആശുപത്രി വിട്ടിരുന്നു. അതേസമയം, കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന ബ്രിജേഷ് പൊലീസ് നിരീക്ഷണത്തിൽ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴാണ് എസ്എച്ച്ഒ കെഎ മനേഷിന്റെ നേതൃത്വത്തിൽ എസ്ഐ കെ.ഡി.മണിയൻ, എഎസ്ഐ സജി മാത്യു എന്നിവരുടെ സംഘം ബ്രിജേഷിനെ അറസ്റ്റ് ചെയ്തത്.