ഒരാൾക്ക് ഒരേ സമയത്ത് ഒരേ വകുപ്പില്‍ ആറ് വ്യത്യസ്ത ജില്ലകളില്‍ ജോലി ….കുമ്പിടിയാ കുമ്പിടി

ഒരാള്‍ക്ക് ഒരേ സമയം ഒരേ വകുപ്പില്‍ ആറ് വ്യത്യസ്ത ജില്ലകളില്‍ ജോലി ചെയ്യാൻ കഴിയുമോ? സാധാരണ രീതിയിൽ സാധ്യമല്ല …. എന്നാല്‍ ചില അതിബുദ്ധിമാന്മാർക്ക് അതിനും കഴിയും എന്ന പറയേണ്ടി വരുമെന്നതാണ് ഉത്തർപ്രദേശില്‍ നിന്നുള്ള സംഭവം തെളിയിക്കുന്നത്. ഫറൂഖാബാദ് ജില്ലയിൽ, ഉത്തർപ്രദേശിലെ ആരോഗ്യ ഭരണകൂടത്തെ മുഴുവൻ ഞെട്ടിച്ച ഒരു ഞെട്ടിപ്പിക്കുന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ജനനത്തീയതിയും പിതാവിന്റെ പേരും പൊരുത്തപ്പെടുത്തി അർപിത് സിംഗ് എന്ന പേര് ആറ് വ്യത്യസ്ത ജില്ലകളിലെ സർക്കാർ രേഖകളിൽ പ്രത്യക്ഷപ്പെട്ടു
ആരോഗ്യ വകുപ്പില്‍ ഒമ്ബത് വർഷക്കാലം ‘അർപിത് സിംഗ്’ എന്ന പേരിലാണ് ഈ കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പ് നടന്നത്. 69,595 രൂപ ശമ്ബളം ലഭിക്കുന്ന ഈ ജോലി യഥാർത്ഥ അർപിതിന് ഒപ്പം മറ്റു ആറ് പേർ കൂടി ചെയ്തത്. ആരോഗ്യ വകുപ്പില്‍ നിന്ന് ഇത്തരത്തില്‍ ശമ്ബളമായി ഏകദേശം 4.5 കോടി രൂപയാണ് ആറ് പേർ അനധികൃതമായി തട്ടിയെടുത്തത്.
യുപി സർക്കാരിന്റെ മാനവ് സംപാദ പോർട്ടല്‍ നടത്തിയ ഓണ്‍ലൈൻ വെരിഫിക്കേഷൻ ഡ്രൈവിലാണ് സംഭവം പൊളിഞ്ഞത്. ഓണ്‍ലൈൻ വെരിഫിക്കേഷൻ ഡ്രൈവിനിടെ സമാനമായ എൻട്രികള്‍ കണ്ടതോടെ സംശയമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജന്മാർ ഒമ്ബത് വർഷമായി വിലസുന്നത് അറിയുന്നത്. ഒരേ പേര്, പിതാവിന്റെ പേര്, ജനനത്തീയതി, വ്യാജ ആധാർ കാർഡുകള്‍ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് സംഘം യഥാർത്ഥ അപ്പോയ്ന്റ്മെന്റ് ലെറ്ററിന്റെ കോപ്പി എടുത്താണ് പ്രവേശനം നേടിയത്.
2016-ല്‍, യുപി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ (യുപിഎസ്എസ്എസ്സി) എക്സ്-റേ ടെക്നീഷ്യൻ തസ്തികകളിലേക്ക് 403 ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു. സീരിയല്‍ നമ്ബർ 80-ല്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ആഗ്രയിലെ അർപിത് സിംഗ് അവരില്‍ ഒരാളായിരുന്നു. എന്നാല്‍, കാലക്രമേണ, ആറ് ‘അർപിത് സിംഗ്’ കൂടി മറ്റ് ജില്ലകളില്‍ സേവനത്തില്‍ ചേർന്നു. ഓരോരുത്തരും വ്യാജ ആധാർ വിശദാംശങ്ങളും നിയമന കത്തുകളും ഉപയോഗിച്ചാണ് ജോലിയില്‍ പ്രവേശിച്ചത്.
ബല്റാംപൂർ, ഫറൂഖാബാദ്, ബന്ദ, രാംപൂർ, അംരോഹ, ഷാംലി എന്നിവിടങ്ങളിലാണ് വ്യാജന്മാർ ജോലി ചെയ്തിരുന്നതെന്ന് വസീർഗഞ്ച് പൊലിസ് സ്റ്റേഷനില്‍ ആരോഗ്യവകുപ്പ് ഡയറക്ടർ (പാരാമെഡിക്കല്‍) ഡോ.രഞ്ജന ഖരെ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാർ താമസിച്ചിരുന്ന വീടുകള്‍ പൂട്ടിയ നിലയിലാണ്. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് നാടുവിട്ടതിനാല്‍ യഥാർത്ഥത്തില്‍ ജോലി ചെയ്തത് ആരൊക്കെയാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. ഇവർ കൈപ്പറ്റിയ ശമ്ബളം തിരിച്ചുപിടിക്കുന്നത് ഒട്ടും എളുപ്പമായിരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ആള്‍മാറാട്ടത്തിലൂടെയുള്ള വഞ്ചന (419), വഞ്ചന (420), രേഖകള്‍ വ്യാജമായി നിർമ്മിക്കല്‍ (467), വഞ്ചനയ്ക്ക് വേണ്ടി രേഖകള്‍ വ്യാജമായി നിർമ്മിക്കല്‍ (468), വ്യാജ രേഖകള്‍ ഉപയോഗിക്കല്‍ (471) എന്നിവയുള്‍പ്പെടെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നിരവധി കുറ്റങ്ങള്‍ എഫ്ഐആറില്‍ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി മാത്രമല്ല, കെട്ടിച്ചമച്ച ഒരു ഐഡന്റിറ്റി വർഷങ്ങളോളം നിയന്ത്രിക്കപ്പെടാതെ നിലനിൽക്കാൻ അനുവദിച്ച സർക്കാർ സംവിധാനങ്ങളുടെ ദുർബലതയും ഈ കേസ് തുറന്നുകാട്ടുന്നു.