നവകേരള ബസിന്റെ കാര്യത്തില്‍ തീരുമാനമായി, സര്‍വീസ് അവസാനിപ്പിച്ച് വര്‍ക്ക്ഷോപ്പിലേക്ക്
കോഴിക്കോട്: മ്യൂസിയത്തില്‍ വച്ചാല്പ്പോലും കാണാൻ ആളുണ്ടാകുമെന്ന് ഇടതുനേതാക്കള്‍ പറഞ്ഞിരുന്ന നവകേരള ബസ് വീണ്ടും കട്ടപ്പുറത്തായി.
കയറാൻ ആളില്ലാത്തതിന്റെ പേരില്‍ കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോള്‍ ഒരാഴ്ചയായി കോഴിക്കോട് റീജിയണല്‍ വർക്ക്ഷോപ്പില്‍ ഒതുക്കിയിട്ടിരിക്കുകയാണ്.
പലദിവസങ്ങളിലും ഒരാള്‍പോലും സീറ്റ് ബുക്കുചെയ്യാത്തതിന്റെ പേരില്‍ നവകേരള ബസിന്റെ സർവീസ് മുടങ്ങിയിരുന്നു. ചില ദിവസങ്ങളില്‍ നാമമാത്രമായ ആള്‍ക്കാരുമായിട്ടായിരുന്നു സർവീസ്. ഇതോടെ കനത്ത നഷ്ടമായി. തുടർന്ന് സർവീസ് അവസാനിപ്പിച്ച് ബസ് വർക്ക്ഷോപ്പിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാല്‍ അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിതന്നെയാണ് സർവീസ് നിറുത്തിവച്ചിരിക്കുന്നതെന്നാണ് അവർ വ്യക്തമാക്കുന്നത്.
എയർ കണ്ടീഷൻ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാർജർ സൗകര്യങ്ങള്‍ക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങിയത്.സർവീസ് ഉദ്ഘാടനം ചെയ്ത വേളയില്‍ കയറാൻ ആള്ക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. യാത്രക്കാർ ഈ സർവീസിനോട് മുഖം തിരിക്കുകയായിരുന്നു.
നവകേരള യാത്രയ്ക്ക് ലക്ഷങ്ങള്‍ പൊടിച്ച് നിരത്തിലിറക്കിയ ബസ് നവകേരള യാത്രാ സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് സർവീസ് ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിള്‍ സീറ്റാക്കിയിരുന്നു.