1500 പവൻ കവര്ന്ന് നാലുകോടിയുടെ തുണിമില് സ്വന്തമാക്കി; യാത്ര ചെയ്തിരുന്നത് ബസില് മാത്രം; കുപ്രസിദ്ധ മോഷ്ടാവ് ‘റോഡ്മാനും’ ഹൈക്കോടതി അഭിഭാഷകയായ ഭാര്യയും പിടിയില്
കോയമ്ബത്തൂർ: തമിഴ്നാട്ടില് വൻ കവർച്ചകള് നടത്തിയ സംഘത്തിന്റെ തലവനെ കോയമ്ബത്തൂർ സിറ്റി പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി “റോഡ്മാൻ” എന്നറിയപ്പെടുന്ന മൂർത്തിയാണ് (36) അറസ്റ്റിലായത്.
68 ഓളം വലിയ കവർച്ചകളാണ് ഇയാളുടെ നേതൃത്വത്തില് നടത്തിയത്. മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരില് നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പോലീസ് അറിയിച്ചു.
4 വർഷത്തിനിടെയാണ് 68 വീടുകളില് നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇയാള് മോഷ്ടിച്ചത്. റെയില്വേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാള് മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളില് മാത്രം യാത്ര ചെയ്യുന്നതായിരുന്നു പതിവെന്നും പൊലീസ് പറയുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് രാജപാളയത്ത് 4 കോടിയുടെ മില്ല് വാങ്ങിയതായും ഭാര്യ പ്രിയയാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും അന്വേഷണത്തില് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.