വിമാനത്തിലെ പ്രതിഷേധം; റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം, മൂന്നാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യം
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച പ്രതികള്‍ക്ക് ജാമ്യം. റിമാന്‍ഡില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. മൂന്നാം പ്രതിയായ സുനിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യൂത്ത്കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്സീന് മജീദ്, നവീന്‍കുമാര്‍ ജില്ലാ സെക്രട്ടറിയും, സുനിത് നാരായണന് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയുമാണ്.
വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ചെറിയ വിമാനമായതിനാല്‍ സിസിടിവി ഇല്ലായിരുന്നുവെന്ന് ഡയറതക്ടര് ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 13നാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായത്.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഫര്സീന് മജീദും നവീന്‍ കുമാറും മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളിച്ചെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇവരെ നേരിട്ടു. സംഭവങ്ങളുടെ ദൃശ്യം പകര്‍ത്തിയ സുനിത് നാരായണന് പിന്നീട് കടന്നു കളയുകയായിരുന്നു.
Content Highlights: Flight, Indigo, Chief Minister, Youth Congress