കോട്ടയത്ത് ജയിൽ ചാടിയ കൊലക്കേസ് പ്രതി പൊലീസ് പിടിയിൽ
കോട്ടയം ജില്ലാ ജയിലിൽനിന്ന് ചാടിയ കൊലക്കേസ് പ്രതി പൊലീസിന്റെ പിടിയിലായി. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് കഴിഞ്ഞ ദിവസം ജയിലിൽ ചാടിയത്. മീനടത്തെ വീടിന് സമീപത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് ഇയാൾ ജയിലിൽ നിന്ന് ചാടി പോയത്. ബാത്റൂമിൽ പോകാനായി എണീറ്റ ബിനു മോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ജനുവരി 17ന് നടന്ന കേരളത്തെ ഞെട്ടിച്ച ഷാൻ വധത്തിലെ അഞ്ചാംപ്രതിയാണ് ബിനു മോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുപോയി ഇട്ടത്. ബിനു മോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്. സുഹൃത്തുക്കളെ മർദിച്ചതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലിട്ടപ്പോൾ അതിന് ലൈക് നൽകിയതിനെ തുടർന്നുള്ള പകയാണ് കൊലപാതകത്തിൽ എത്തിയത്.
Content Highlights: Accused jumping Kottayam Jail Arrested