വിചാരണക്കോടതിക്കെതിരെ അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിചാരണക്കോടതിക്ക് എതിരെ അതിജീവിതയായ നടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിനെതിരെയും ഹര്‍ജിയില്‍ ആരോപണങ്ങളുണ്ടായിരുന്നു. തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് രാഷ്ട്രീയ ഉന്നതരുടെ സമ്മര്‍ദ്ദമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ആശങ്കകളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നടി നിര്‍ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയതെന്നും നടിയുടെ ആവശ്യമനുസരിച്ചാണ് വനിതാ ജഡ്ജിയെ നിയോഗിച്ചതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയെ അറിയിച്ചു.
ആക്രമണ ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയതില്‍ ഫോറന്‍സിക് അന്വേഷണം വേണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന് നല്കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
Content Highlights: Actress Assault Case, High Court, trial court, Dileep