സിപിഎം നേതാവിന്റെ മകളുടെ ആത്മഹത്യയ്ക്ക് പിന്നാലെ സീരിയല്‍ കൊലകളെന്ന് കെ.എം.ഷാജി; അന്വേഷണം വേണം
സിപിഎം നേതാവ് എം.പ്രകാശന്റെ മകളുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍പ് നടന്ന സീരിയല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്ന് അഴീക്കോട് മുൻ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം.ഷാജി.
ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണം മാത്രമല്ല സിപിഎമ്മുമായി ബന്ധപ്പെട്ട് നടന്ന പല ഭീകര കൊലപാതകങ്ങളും കണ്ണൂരില്‍ നടന്നിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
“ഒരു യുവാവുമായി പ്രകാശന്റെ മകള്‍ അടുപ്പത്തിലായിരുന്നു. പ്രണയം മുറുകിയപ്പോള്‍ യുവാവിനെ ഒരു സംഘം ആളുകള്‍ വധിക്കുകയായിരുന്നു. കാമുകന് കൊല്ലപ്പെട്ടതാണെന്ന് മനസിലാക്കിയാണ് പ്രകാശന്റെ മകള്‍ തീ കൊളുത്തി മരിച്ചത്. സിപിഎമ്മിലെ പ്രകാശനുമായി അടുപ്പമുള്ളവരായിരുന്നു ഈ കൊലയ്ക്ക് പിന്നില്‍. യുവാവിനെ കൊന്ന സംഘത്തിലെ ഒരാള്‍ മദ്യപിക്കുന്ന വേളയില്‍ പ്രകാശന്റെ മകളുടെ കാമുകന്റെ മരണം ക്വട്ടേഷന്‍ ആയിരുന്നെന്ന കാര്യം പരസ്യമായി പറഞ്ഞു. ഇത് നാട്ടില്‍ പരക്കാന്‍ തുടങ്ങിയതോടെ രഹസ്യം വെളിപ്പെടുത്തിയ യുവാവും മരിച്ച നിലയില്‍ കണ്ടു. ഈ യുവാവിനെ വധിക്കാനുള്ള പദ്ധതി നടപ്പിലാക്കിയവരും പിന്നീട് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സീരിയല്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ ഒരു അന്വേഷണവും നടന്നിട്ടില്ല. ഇത് അന്വേഷിക്കണം.”
“ടിപി വധക്കേസിലെ പ്രതി കുഞ്ഞനന്തന് ജയിലില്‍വെച്ച് അസുഖബാധിതനായപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു. നിരാശയോടെയാണ് കുഞ്ഞനന്തന് സംസാരിച്ചത്. വധിക്കപ്പെട്ടേക്കുമോ എന്ന ഭീതിയിലാണ് കുഞ്ഞനന്തന് സംസാരിച്ചത്. ചിലര്‍ സുഖിക്കുമ്ബോള് ജയിലില്‍ കിടന്ന് കഷ്ടപ്പെടുകയാണെന്ന് പറഞ്ഞതാണ് അദ്ദേഹത്തിന് വിനയായത്. കുഞ്ഞനന്തന് എങ്ങനെയാണ് ജയിലില്‍ വച്ച് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. നൂറു കണക്കിനാളുകള്‍ ഭക്ഷണം കഴിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഒരാള്‍ക്ക് മാത്രം എങ്ങനെ ഭക്ഷ്യവിഷബാധയേല്‍ക്കും. അതിനുള്ള ഉത്തരം ഇന്നുവരെ ലഭിച്ചിട്ടില്ല. കുഞ്ഞനന്തന് മരിക്കുംമുന്പ് ജയിലില്‍ ഒരു വിഐപി എത്തിയിട്ടുണ്ട്. അദ്ദേഹം കുഞ്ഞനന്തനെ സന്ദര്‍ശിച്ചിട്ടുമുണ്ട്.
“കുഞ്ഞനന്തന് ആസൂത്രകനാണ്. ആസൂത്രകനാണ് വധിക്കപ്പെട്ടിരിക്കുന്നത്. കുഞ്ഞനന്തന് മരിച്ചതോടെ ടിപി വധത്തില്‍ ഒരു വലിയ അദ്ധ്യായം അവസാനിച്ചു. കൊലപാതകം നടത്തിയവര്‍ പാര്‍ട്ടി ടൂളുകളാണ്. കുഞ്ഞനന്തന് മുകളിലേക്കും അന്വേഷണം പോയി. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന് അങ്ങനെയാണ് കേസില്‍ കുടുങ്ങിയത്. അവസാനമാണ് അദ്ദേഹം കേസില്‍ നിന്നും രക്ഷപ്പെട്ടത്. ടിപി വധത്തില്‍ മോഹനന് മുകളിലും ആസൂത്രകരുണ്ട് എന്ന കാര്യം കേരളത്തിന് ബോധ്യപ്പെട്ടതാണ്. കുഞ്ഞനന്തന്റെ വീട്ടുകാര്‍ എന്തിനാണ് സുപ്രീം കോടതിയില്‍ പോയത്. ഒരു ലക്ഷമാണ് കുഞ്ഞനന്തന് വിധിച്ചത്. സുപ്രീം കോടതിയില്‍ കേസിന് പോകണമെങ്കില്‍ ചുരുങ്ങിയത് 10 ലക്ഷത്തോളം രൂപ വേണം. കുഞ്ഞനന്തനെ കൊന്നത് യുഡിഎഫ് ആണെന്ന് കുഞ്ഞനന്തന്റെ മകള്‍ ആരോപിച്ചിട്ടുണ്ട്. കുഞ്ഞനന്തനെ കൊന്നത് എന്ന് പറയുമ്ബോള്‍ തന്നെ കുഞ്ഞനന്തന് മരിച്ചതല്ല എന്നുള്ള വ്യഗ്യം അതിലുണ്ട്. നമുക്ക് കേസിന് പോകാം എന്ന് പറഞ്ഞപ്പോള്‍ പിന്‍വാങ്ങി.”
” കുഞ്ഞനന്തന്റെ മരണത്തില്‍ ഞാന്‍ നിരന്തര പ്രസ്താവനകള്‍ നടത്തിയപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എനിക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതേവരെ അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കൈപൊള്ളും എന്ന് എന്ന് അറിയാവുന്നത് കൊണ്ടാണ് നിയമനടപടിക്ക് ഒരുങ്ങാത്തത്. നിരന്തരം കോളുകളും ഭീഷണികളും ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയതോടെ എനിക്ക് നേരെ വരുന്നുണ്ട്. നേരിട്ടും നേതാക്കള്‍ വന്ന് ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.” – ഷാജി പറഞ്ഞു.