ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതല്ല,അപ്പുറവും നടക്കും – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അത്ഭുതപെടേണ്ട കാര്യമില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു യോഗ്യതയും ഇല്ലാത്തവർ സർവകലാശാലകളിൽ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടുമാത്രം ഒരാൾക്ക് നിയമനം നൽകുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ നടക്കാമെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ചെറുതാണെന്നും ഗവർണർ പറഞ്ഞു .
‘ഇത്തരം സംഭവങ്ങളിൽ ഞാൻ പൂർണ്ണമായും നിസ്സഹായനാവുകയാണ്. എനിക്ക് ഖേദിക്കാൻ മാത്രമേ കഴിയുകയുള്ളൂ. ഞാൻ താത്കാലിക വൈസ് ചാൻസലറെ നിയമിച്ചപ്പോൾ അവർ അദ്ദേഹത്തെ യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ പോലും അനുവദിച്ചില്ല. പോലീസിന്റെ സഹായത്തോടെയാണ് അവർക്ക് ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞത്. ചുമതല ഏറ്റെടുത്തപ്പോൾ അവരുമായി സഹകരിക്കാൻ തയാറായില്ല. അവർക്ക് താക്കോലുകൾ പോലും കൊടുത്തില്ല’, എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു.
ശബ്ദമുയർത്തുക, നട്ടെല്ലുണ്ടാവുക എന്നതിനപ്പുറം ഇവിടെ മറ്റൊരു പ്രശ്നപരിഹാരമില്ല. മാധ്യമങ്ങൾ ഗൗരവത്തോടെ വിഷയങ്ങൾ ഉന്നയിക്കുന്നില്ല, വാർത്തയ്ക്ക് വേണ്ടിമാത്രമാണ് നിങ്ങളത് ചർച്ചയാക്കുന്നത്. പത്രങ്ങൾ എഡിറ്റോറിയൽ എഴുതിയില്ല. പത്തും പന്ത്രണ്ടും ക്ലാസുകൾ കഴിയുമ്പോൾ തന്നെ മിടുക്കരായിട്ടുള്ള വിദ്യാർഥികളെല്ലാം കേരളം വിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കായംകുളത്തെ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ വ്യാജരേഖാ വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.