ഛത്തിസ്ഗഢും മിസോറാമും പോളിങ് ബൂത്തിലേക്ക്; മാവോയിസ്റ്റ് മേഖലകളില്‍ വന്‍സുരക്ഷ
ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളും മിസോറാമും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഛത്തിസ്ഗഢില്‍ രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 17നാണ് നടക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. ഛത്തിസ്ഗഢില്‍ അതീവ പ്രശ്നബാധിത മേഖലകളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പടെ പ്രശ്നബാധിത ബൂത്തുകളില്‍ സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്.
നരേന്ദ്ര മോദി ഇത്തവണ മിസോറമില്‍ പ്രചരണത്തിനെത്തിയില്ല. ബിജെപിയുടെ ലക്ഷ്യം ഹിന്ദുത്വവല്‍ക്കരണമാണ് എന്ന ആരോപണമുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27 സീറ്റു നേടിയാണ് എംഎന്‍എഫ് ഭരണത്തിലെത്തിയത്.
ഛത്തിസ്ഗഡില്‍ 2018ല്‍ കൈവിട്ട ഭരണം തിരിച്ചു പിടിക്കാന്‍ ബിജെപിയും ഭരണത്തുടര്‍ച്ചയ്ക്കായി കോണ്‍ഗ്രസും ലക്ഷ്യമിട്ട് ശക്തമായി പ്രചാരണം നടത്തുന്നത്. 90 സീറ്റുകളുള്ള ഛത്തിസ്ഗഡ് നിയമസഭയില്‍ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 2018 ല്‍ 15 സീറ്റായിരുന്നു ബിജെപി നേടിയത്.