താനൂർ ബോട്ട് അപകടം : സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നൽകി ബോട്ടുടമകള്‍
സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത രജിസ്ട്രേഷൻ പോലുമില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞു. എന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. ബോട്ടുടമകളുടെ സംഘടന നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി അന്ന് ഉത്തരവ് ഇറക്കിയത്. തൊടു ന്യായങ്ങള്‍ നിരത്തി വിധി നടപ്പാക്കാതിരുന്നതോടെ സർക്കാരിനെതിരെയുളള കോടതിയലക്ഷ്യത്തിന് കേസ് നൽകിയിരിക്കുകയാണ് ബോട്ടുടമകള്‍.താനൂർ ബോട്ട് അപകടത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് പുന്നമടക്കായലിൽ ഹൗസ് ബോട്ടുകളില്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 12 ബോട്ടുകള്‍ പരിശോധിച്ചപ്പോള്‍ രജിസ്ട്രേഷൻ കണ്ടെത്തിയത് മൂന്ന് ബോട്ടുകളിൽ മാത്രമാണ്. ഇത് വെറും കണ്ണില്‍ പൊടിയിടൽ മാത്രമാണെന്ന് മുൻകാല രേഖകൾ പരിശോധിച്ചാൽ മനസിലാവും.പുന്നമടക്കായലിലുള്ളത് 1500ഓളം ഹൗസ്ബോട്ടുകളാണ്. തുറമുഖ വകുപ്പിന്റെ രേഖകള്‍ പ്രകാരം രജിസ്ട്രേഷന് എടുത്തിരിക്കുന്നത് 800റോളം ബോട്ടുകൾ മാത്രമാണ്. ഒരോ വര്‍ഷവും ബോട്ടുകളില്‍ സര്‍വേ നടത്തി എല്ലാ സുരക്ഷാചട്ടങ്ങളും പാലിച്ചെന്ന് കണ്ടാല്‍ മാത്രമേ രജിസ്ട്രേഷൻ പുതുക്കി നൽകാൻ പാടുള്ളൂ. സര്‍വേ നടത്തുന്നതിന് ഫീസടച്ച് ബോട്ടുടമകളാണ് അപേക്ഷ നൽകേണ്ടത്. പകുതിയലധികം പേരും ഇത് ചെയ്യാറില്ല. ഉദ്യോഗസ്ഥർ ശ്രമിക്കാറുമില്ല.ചിലര്‍ ഒരേ നമ്പർ തന്നെ പല ബോട്ടുകൾക്കും ഉപയോഗിക്കും. മറ്റ് ചിലർ പൊളിച്ച് കളഞ്ഞ ബോട്ടുകളുടെ നമ്പര്‍ ഉപയോഗിച്ച് ബോട്ടുകള്‍ ഓടിക്കും. ജനങ്ങളുടെ ജീവന് ഭീഷണിയായ, വ്യവസായത്തെ തന്നെ തകര്‍ക്കുന്ന ഈ അനധികൃത നടപടിക്കെതിരെ ബോട്ടുടമകളുടെ സംഘടന തന്നെയാണ് ഹൈകോടതിയെ സമീപിച്ചത്.