ടി – 20 ടൂർണമെന്റിനിടെ ചാവേർ ബോംബ് സ്ഫോടനം; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
അഫ്ഗാനിസ്താനിൽ ഇന്നലെ നടന്ന ടി – 20 ടൂർണമെന്റിനിടെ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാബൂളിലെ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ആരാധകരെ നടുക്കിയ സ്ഫോടനം നടന്നത്.
പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 4.30നായിരുന്നു സംഭവം. പാമിർ സൽമിയും ബന്ദേ അമീർ ഡ്രാഗൺസും സമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഗാലറിൽ ആരാധകർക്കിടയിൽനിന്ന് ഉഗ്രശബ്ദത്തിൽ സ്ഫോടനം നടന്നത്. ഗ്രനേഡ് പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. ഉടൻ തന്നെ താരങ്ങളെ ബങ്കറുകളിലേക്ക് മാറ്റി. പരിക്കേറ്റവരെ കാബൂളിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആണ് മരണസംഖ്യ പുറത്തുവിട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും ഗുട്ടറസിന്റെ ട്വീറ്റിൽ സൂചിപ്പിക്കുന്നു. സംഭവസമയത്ത് യു എൻ ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യാന്തര മാനുഷിക നിയമത്തിൽ സിവിലിയന്മാർക്കുനേരെയുള്ള ആക്രമണം ശക്തമായി നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് ഗുട്ടറസ് ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
സ്ഫോടനത്തെ തുടർന്ന് നിർത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചിരുന്നു. താരങ്ങളും ടീം സ്റ്റാഫും വിദേശികളുമെല്ലാം സുരക്ഷിതരാണെന്നാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ഐ പി എൽ മാതൃകയിൽ 2013ലാണ് അഫ്ഗാനിൽ ഷ്പജീസ ക്രിക്കറ്റ് ലീഗ് ആരംഭിച്ചത്. താലിബാൻ അധികാരം പിടിച്ച ശേഷം നടക്കുന്ന ആദ്യത്തെ ടൂർണമെന്റാണ് ഇപ്പോൾ നടക്കുന്നത്. ദേശീയ ടീമിലെ നിരവധി താരങ്ങൾ വിവിധ ടീമുകൾക്കായി കളിക്കുന്നുണ്ട്.
Content Highlights: Bomb Blast, 19 Death, T-20