ഫണ്ട് തട്ടിച്ചുവെന്ന് ആരോപണം; മേധാ പട്കര്കർ ഉൾപ്പെടെ 11 പേര്‍ക്കെതിരെ കേസ്
സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്കർ ഉൾപ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച സംഭാവന തുക ദുരുപയോഗം ചെയ്തെന്നാരോപിച്ചാണ് കേസ്. മേധാ പട്കര്‍ ട്രസ്റ്റിയായ ‘നര്‍മദ നവനിര്‍മാണ്‍ അഭിയാ’ന്റെ നേതൃത്വത്തില്‍ സമാഹരിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന ഗുരുതര ആരോപണ വും ഉന്നയിച്ചിട്ടുണ്ട്.
പ്രീതം രാജ് ബഡോലെ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയായി ചമഞ്ഞ് മേധാ പട്കര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്.
ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് മേധാപട്കര്‍. വിഷയത്തില്‍ പോലീസ് തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്കാന് തയ്യാറാണെന്നും മേധാ പട്കര്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയിലെ അംഗമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്ക് ഉപജീവനോപാധി ഒരുക്കുന്നതിനാണ് ട്രസ്റ്റ് പണം ഉപയോഗിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സി എസ് ആര് ഫണ്ടുകള്‍ സ്വീകരിക്കാറില്ലെന്നും ബാങ്ക് അക്കൗണ്ടുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും പറഞ്ഞ മേധാ പട്കർ മേലിലും ഇത്തരം കാര്യങ്ങളില്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.
Content Highlights: Allegation, misappropriation of funds, Case, 11 people ,Medha Patkarkar