വിവാദ സർക്കുലർ ഇറക്കിയ ഡയറക്ടറെ മാറ്റി ടൂറിസം വകുപ്പ് ; കൃഷ്ണ തേജക്ക് പകരക്കാരനായി പി ബി നൂഹ്
ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജയെ പദവിയിൽ നിന്ന് മാറ്റി. പി ബി നൂഹാണ് പുതിയ ഡയറക്ടർ. ജോലിസ്ഥലത്തെ പീഡനത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി സർക്കുലർ ഇറക്കി വിവാദത്തിലായതിന് പിന്നാലെയാണ് കൃഷ്ണ തേജയെ ടൂറിസം ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്.
ജൂൺ 17 ആം തിയതിയാണ് വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇത് വിവാദമായതോടെ ടൂറിസം വകുപ്പ് സർക്കുലർ റദ്ദാക്കിയിരുന്നു. ഉടൻ തന്നെ മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യത്തിൽ ഡയറക്ടറോട് വിശദീകരണം ചോദിച്ചിരുന്നു. ഇത്തരത്തിലൊരു നടപടി സർക്കാറിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരാണെന്നും വനിതാ ജീവനക്കാരുടെ അവകാശങ്ങൾക്ക് നിരക്കാത്തതുമാണെന്നാണ് കണ്ടെത്തൽ.
ടൂറിസം വകുപ്പിന്റെ കീഴിൽ വരുന്ന വിവധ ഓഫീസുകളിലെയും ഗസ്റ്റ് ഹൌസുകളിലെയും വനിതാ ജീവനക്കാർ, മറ്റ് ജീവനക്കാർക്കെതിരെ നൽകുന്ന പരാതികൾ എന്നിവ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പിൻവലിക്കുകയോ പരാതിക്കാർ പിൻമാറുകയോ ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സമയം നഷ്ടമാകുന്നുവെന്ന് കൃഷ്ണ തേജ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു. ചില ജീവനക്കാർ അടിസ്ഥാനരഹിതമായി ഉന്നയിക്കുന്ന പരാതി വകുപ്പിന്റെ സത്പേരിനെ തന്നെ ബാധിക്കുന്നുവെന്നും ഈ സാഹചര്യത്തിൽ പരാതികളുടെ നിജസ്ഥിതി പരിശോധിക്കണമെന്നുമാണ് സർക്കുലറിൽ നിർദേശിച്ചിരുന്നത്.
Content Highlights : circular controversy tourism department