കൊളംബോയിലെ പ്രതിസന്ധി മുതലെടുക്കാൻ കൊച്ചി തുറമുഖം; ചരക്ക് നീക്കത്തിൽ നേട്ടമുണ്ടാക്കാമെന്ന് പ്രതീക്ഷ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും ശ്രീലങ്കയിലെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഈ സാഹചര്യത്തിൽ കൊളംബോ വഴിയുള്ള ചരക്ക് നീക്കവും പ്രതിസന്ധിയിലാണ്. ഈ സാഹചര്യം കൊച്ചി തുറമുഖത്തിന് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൊളംബോ വഴിപോവേണ്ട കണ്ടെയ്നറുകൾ പലതും കൊച്ചി തുറമുഖത്തേക്ക് വരുന്നത് കൊച്ചി തുറമുഖത്തിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ കച്ചവട സാധ്യതക്ക് വഴിതുറക്കുമെന്നുമെന്നാണ് പ്രതീക്ഷ.
കൊളമ്പോ തുറമുഖത്തെ ഒഴിവാക്കി വലിയ കപ്പലുകൾ കൊച്ചിയെ തേടിയെത്തണമെങ്കിൽ, കപ്പൽ ചാലിന്റെ ആഴവും വീതിയും കൂട്ടണം. കപ്പലുകൾക്ക് കൊച്ചി തീരത്തേക്ക് അടുക്കാൻ കഴിഞ്ഞാൽ മാത്രമേ, അതിനെ ദീർഘകാല നേട്ടമാക്കി മാറ്റാൻ സാധിക്കൂ. അത് കൊണ്ടുതന്നെ രണ്ടാം ഘട്ട വികസനത്തിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് അധികൃതർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊളമ്പോയിൽ നിന്ന് മെഡിറ്റനെറിയൻ ഷിപ്പിങ് കമ്പനിയുടെ 5 കണ്ടെയ്നർ കപ്പലുകളാണ് കൊച്ചിയിലെത്തിയത്.
ഇതിനു പിന്നാലെ മറ്റു ഷിപ്പിങ് കമ്പനികളെയും കൊച്ചിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളാണ് കപ്പശാല ആസൂത്രണം ചെയ്യുന്നത്. കൊച്ചിയെ പോലെ, ഗുജറാത്തിലെ മുന്ദ്രാ തുറമുഖവും ബോംബെയിലെ ജവഹർലാൽ നെഹ്രു തുറമുഖവും കപ്പലുകളെ സ്വീകരിക്കാൻ തയ്യാറാണ്. അതുകൊണ്ടുതന്നെ കൊച്ചി കപ്പൽ ചാലിന്റെ ഇപ്പോഴത്തെ ആഴം 12.5 മീറ്ററിൽ നിന്ന് ഡ്രെഡ്ജ് ചെയ്ത് 16 മീറ്ററും വീതി 260 മീറ്ററുള്ളത് 280 മീറ്ററാക്കിയാലെ ഈ നേട്ടം കൈവരിക്കാൻ കൊച്ചിക്കാവൂ.
Content Highlights: Colombo Port Kochi Sri Lanka Crisis