രാഷ്ട്രപതിയുടെ പേര് പറഞ്ഞ് തര്‍ക്കം; സ്മൃതിയും സോണിയയും നേര്‍ക്കുനേര്‍
ലോക്സഭയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ കനത്ത വാക്പോര്. രാഷ്ട്രപതി ദ്രൌപദി മുർമുവിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ സഭ നിർത്തിവച്ചു.
സഭയിലുണ്ടായിരുന്ന സോണിയ ഗാന്ധി മടങ്ങിപ്പോകാനൊരുങ്ങവെ, ബിജെപി അംഗങ്ങൾ അവർക്ക് നേരെ മുദ്രാവാക്യം വിളിച്ചു. ഇതോടെ തിരിച്ചു നടുത്തളത്തിലേക്ക് ഇറങ്ങിവന്ന സോണിയ ഭരണപക്ഷത്തേക്കു ചെന്നു. സോണിയയുടെ കൂടെ രണ്ടു കോൺഗ്രസ് എം പിമാരും ഉണ്ടായിരുന്നു. ബിജെപിയിലെ മുതിർന്ന അംഗം രമാദേവിയോട് അധീർ രഞ്ജൻ ചൗധരി മാപ്പു പറഞ്ഞിട്ടും എന്തിനാണ് തന്നെ അധിക്ഷേപിക്കുന്നത് എന്ന് ചോദിച്ചു. ഇരുവരും സംസാരിക്കുന്നതിനിടെ മന്ത്രി സ്മൃതി ഇറാനി മുന്നോട്ടു കുതിച്ചെത്തി. ബിജെപി എംപിമാരെ ഭീഷണിപ്പെടുത്താനാണോ ശ്രമം എന്ന് ചോദിച്ച് സ്മൃതി ഇറാനി സോണിയയോടു ശബ്ദമുയർത്തി.
അനാവശ്യമായി സമൃതി ഇറാനി തട്ടിക്കയറിയെന്ന് ആക്ഷേപിച്ച് സോണിയ ഗാന്ധി കടുത്ത സ്വരത്തിൽ തിരിച്ചടിച്ചതോടെ ബഹളമായി. കോൺഗ്രസ്, ഡി എം കെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും മുഖാമുഖം നിന്നതോടെ സഭാ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ഇടയ്ക്കു കയറി. പിന്നീട് എൻ സി പി നേതാവ് സുപ്രിയ സുളെ, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവർ സോണിയയെ പുറത്തേക്കു കൊണ്ടുപോയി.
ബഹളം നടക്കുന്നതിനിടെ പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി ബിജെപി എംപിമാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഭരണ പ്രതിപക്ഷ നിരയിലെ രണ്ട് മുതിർന്ന നേതാക്കൾ രാഷ്ട്രപതിയുടെ പേര് പറഞ്ഞു തർക്കിക്കുന്ന അപൂർവതക്കാണ് ഇന്ന് ലോക്സഭ സാക്ഷ്യം വഹിച്ചത്. നേരത്തെ സഭയിലുണ്ടായിരുന്ന നിർമല സീതാരാമന് നേരെയും സോണിയ ശബ്ദമുയർത്തി സംസാരിച്ചുവെന്ന് സ്മൃതി ഇറാനി ആരോപിച്ചു. രാഷ്ട്രപതിയുടെ ആദിവാസി പാരമ്പര്യത്തെ കോൺഗ്രസ് അവഹേളിക്കുന്നു എന്നാണ് പ്രധാനമായും ബി ജെ പി ഉന്നയിക്കുന്ന ആക്ഷേപം.
Content Highlights – Controversial Statement About Draupadi Murmu