‘കടുവ’യിലെ വിവാദ സംഭാഷണം ഒഴിവാക്കി; പുതിയ പ്രിന്റ് ഇന്ന് രാത്രി മുതൽ
കടുവ സിനിമയിലെ വിവാദമായ സംഭാഷണ ശകലം ചിത്രത്തിൽ നിന്ന് നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്റ് മാറ്റുമെന്നും ചിത്രത്തിന്റെ പ്രൊഡ്യൂസറും നായകനുമായ പൃഥ്വിരാജ് അറിയിച്ചു. സംവിധായകന് ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം തുടങ്ങിയവര്‍ക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാദങ്ങളിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഒരു കാരണവശാലും തെറ്റിനെ ന്യായീകരിക്കുന്നില്ല. പക്ഷേ സാഹചര്യം വിശദീകരിക്കാം. പറയാന്‍ പാടില്ലാത്ത കാര്യം നായകന് പറയുന്നതായിട്ട് തന്നെയാണ് കടുവയിലെ ആ രംഗം. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇനി ഭാഗഭാക്കാവുന്ന സിനിമകളിലും ശരിയായ കാഴ്ചപ്പാടുകൾ തന്നെ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
കടുവ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിനൊപ്പം ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
വിമര്‍ശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. അതേസമയം ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ അറിയിച്ചു.
Content Highlights: controversy on Kaduva Movie Prithwiraj