രാജ്യത്തെ ആദ്യ ത്രീ -ഡി പ്രിന്റ് പോസ്റ്റ് ഓഫീസ് കർണാടകയിൽ
രാജ്യത്തെ ആദ്യത്തെ ത്രീ-ഡി പ്രിന്റ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ ഒരുങ്ങുന്നു . ഒരു മാസത്തിനുള്ളിൽ മുഴുവൻ നിർമ്മാണവും പൂർത്തിയാകുമെന്ന് റിപ്പോർട്ടുകൾ . ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ടെക്നോളജി പ്രൊമോഷൻ കൗൺസിൽ ആണ് ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന് ത്രീ-ഡി അച്ചടി പ്രിന്റിംഗിനായി സാങ്കേതിക അനുമതി നൽകിയത്. കെട്ടിടത്തിന്റെ രൂപരേഖ തപാൽ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.
ഹലസുരിലെ കേംബ്രിഡ്ജ് ലേഔട്ടിൽ തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. 25 ലക്ഷം രൂപ ചെലവിലാണ് 1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് നില കെട്ടിടം ഒരുങ്ങുന്നത് . ത്രീ-ഡി പ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച പോസ്റ്റ്ഓഫീസുകൾ സാധാരണ പോസ്റ്റ്ഓഫീസുകൾ പോലെ തന്നെ പ്രവർത്തിക്കുമെന്ന് ബെംഗളൂരു തപാൽ വകുപ്പ് അറിയിച്ചു.
ഐഐടി മദ്രാസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ 600 ചതുരശ്ര അടി വിസ്തീർണവും കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള ഐഐടി-മദ്രാസ് കാമ്പസിലാണ് ത്രി-ഡി പ്രിന്റ് ഓഫീസ് നിർമ്മിച്ചത്. നിലവിൽ പോസ്റ്റ്ഓഫീസുകളില്ലാത്ത പ്രദേശങ്ങളിൽ കൂടുതൽ തപാൽ ഓഫീസുകൾ ലഭ്യമാക്കാൻ ഈ ചെലവു കുറഞ്ഞ സാങ്കേതികവിദ്യയെ സഹായിക്കുകയും ചെയ്യും, പ്ലാൻ അനുസരിച്ച് നടന്നാൽ രാജ്യത്തെ ത്രീ-ഡി പ്രിന്റ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തന സജ്ജമാകുമെന്ന് കർണാടക സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ എസ്. രാജേന്ദ്രകുമാർ പറഞ്ഞു.