‘പിണറായി സർക്കാർ എന്ന വിശേഷണം വേണ്ട’ – അതൃപ്തി പ്രകടപ്പിച്ച് CPI
സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിനെ പിണറായി സർക്കാർ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ എൽഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിലാണ് വിമർശനം ഉയർന്നത്. ഇതുവരെയുള്ള ഒരു എൽഡിഎഫ് സർക്കാറിന്റെ കാലത്തും കാണാത്ത ഈ പ്രവണതക്ക് തിരുത്തൽ വേണമെന്നായിരുന്നു പ്രതിനിധികളുടെ പ്രധാന ആവശ്യം.
കെ.കെ രമക്കെതിരായ പരാമർശത്തിൽ എം.എം മണിയെ വിമർശിച്ച സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ നടപടി തെറ്റായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമെന്ന ധാരണ ആനി രാജ തെറ്റിച്ചുവെന്ന് പൊതുചർച്ചക്ക് മറുപടി നൽകുമ്പോൾ കാനം രാജേന്ദ്രൻ പറഞ്ഞു. എം.എം മണി ആനി രാജക്കെതിരെ ഉന്നയിച്ച പരസ്യമായ വിമർശങ്ങളെ നേതൃത്വം പ്രതിരോധിച്ചില്ലെന്നതായിരുന്നു പ്രധാന വിമർശനം.
മുവാറ്റുപുഴ മുൻ എംഎൽഎയെ പൊലീസ് ആക്രമിച്ചപ്പോൾ എന്ത് കൊണ്ട് മൗനം പാലിച്ചു എന്ന ചോദ്യത്തിന് എൽദോ എബ്രഹാം എഐവൈഎഫ് സമരത്തിന് പോകേണ്ട കാര്യമില്ലായിരുന്നു എന്നാണ് മറുപടി. എഐഎസ്എഫ് നേതാവ് നിമിഷ രാജുവിനെതെരായ അക്രമം ഒരു സാധാരണ വിദ്യാർത്ഥി സംഘട്ടനം മാത്രമാണ്, എസ് സി ആക്ട് അനുസരിച്ചു കേസ് കൊടുക്കുന്ന കാര്യം പാർട്ടി അറിഞ്ഞിട്ടില്ല. രണ്ട് എസ്എഫ്ഐക്കാരുടെ ജോലി നഷ്ടപ്പെടും എന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകണ്ട എന്ന് പാർട്ടി പറഞ്ഞതെന്നും കാനം വിശദീകരിച്ചു. അതേസമയം സമ്മേളനത്തിൽ സർക്കാരിനെതിരെ ശക്തമായ വിമർശങ്ങളുയർന്നു.
Content Highlights: cpi criticize pinarayi vijayan Government and annie raja