നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വിചാരണ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അപേക്ഷ നൽകാനൊരുങ്ങി അന്വേഷണസംഘം. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ വിപുലമായ അന്വേഷണം നടത്താൻ തന്നെയാണ് തീരുമാനം.
കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ആക്സസ് ചെയ്തതിന്റെ തെളിവാണ്, ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യമാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ വിചാരണ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. അനുമതിയ്ക്കായി അന്വേഷണ സംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും.
ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്തു എന്നാണ് കണ്ടെത്തൽ. ഒടുവിലാണ് വിചാരണ കോടതിയിൽ മെമ്മറി കാർഡ് തുറന്ന് ദൃശ്യങ്ങൾ കണ്ടത്. മൂന്നു കോടതിയിലും അനുമതിയില്ലാതെയാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തതെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിചാരണ കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ കണ്ടത് മൊബൈൽ ഫോണിലാണെന്നും റിപ്പോർട്ടിൽ വ്യക്തം. മൂന്നുതവണ മെമ്മറി കാർഡ് ആക്സസ് ചെയ്ത കമ്പ്യൂട്ടറുകളുടെ ഐ പി അഡ്രസ്സും മൊബൈൽ ഫോണിന്റെ IMEI നമ്പറും റിപ്പോർട്ടിലുണ്ട്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും, ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും രാത്രിയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത്. ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.
Content Hightlights: Crime branch , actress ,attack case