നെടുമ്പാശേരിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; ലോറി ഡ്രൈവര്‍ പിടിയില്‍
ദേശീയപാതയില്‍ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തില്‍ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസില്‍ ലോറി ഡ്രൈവര്‍ പിടിയില്‍. കര്‍ണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ അഞ്ചാം തിയതി രാത്രിയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ് ഹാഷിം ആണ് മരണമടഞ്ഞത്.
നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടര്‍ന്ന് ഹാഷിം റോഡിന് എതിര് വശത്തേക്ക് ബൈക്കില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ പോയി. വാഹനം കണ്ടുപിടിക്കാന്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും, വാഹനത്തേയും കസ്റ്റഡിയിലെടുത്തത്.
മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു. അഞ്ഞൂറില്പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കര്‍ണ്ണാടകയില്‍ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് കെമിക്കല്‍ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിന്, കെ.ആര്.റെന്നി, എന്‍.ജി.ജിസ്മോന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.