‘മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയത് കെ സുധാകരനും വി ഡി സതീശനും ചേർന്ന്’- DYFI

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്ഐ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നൽകിയെന്നും സനോജ് പ്രതികരിച്ചു.
വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഗൂഢാലോചനയായിരുന്നുവെന്നും ഇതിന് പിന്നില്‍ കെ, സുധാകരന്, വി.ഡി സതീശന് എന്നിവര്‍ക്ക് പങ്കുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ മാത്രമല്ല ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കെ. സുധാകരനും വി ഡി സതീശനും ഇതില്‍ പങ്കുണ്ട്. ഇരുവരുടേയും അറിവും സമ്മതവും നേടിയാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധം അരങ്ങേറിയത്, സനോജ് പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനെതിരേ നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തില്‍ കെ. സുധാകരനും വി.ഡി. സതീശനും പങ്കുണ്ടെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിലെ സംഭവവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനെതിരേ കേസെടുക്കാന്‍ കോടതി ഉത്തവിടുകയും ചെയ്തിരുന്നു.
Content Highlights: DYFI Blames Congress leaders on air protest