അർപ്പിത മുഖർജിയുടെ മറ്റൊരു ഫ്ലാറ്റിലും റെയ്ഡ് 16 കോടി രൂപ ചാക്കിൽ കെട്ടിയ നിലയിൽ; സ്വർണക്കട്ടിയും ആഭരണങ്ങളും വേറെ
പശ്ചിമബംഗാളിൽ അധ്യാപകനിയമന കുംഭകോണത്തിൽ അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിതാ മുഖർജിയുടെ ബെൽഘാരിയയിലെ ഫ്ളാറ്റിലും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ബുധനാഴ്ച നടത്തിയ പരിശോധനയിൽ കൂടുതൽ പണം പിടിച്ചു.
പൂട്ട് പൊളിച്ചുകടന്നാണ് ഈ ഫ്ളാറ്റിൽ പരിശോധന നടത്തിയത്. ഒരു ഷെൽഫിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. 15 കോടിയിലേറെ രൂപ വരുമെന്ന് അധികൃതർ പറഞ്ഞു. ബാങ്ക് ജീവനക്കാരെ സ്ഥലത്തെത്തിച്ചാണ് നോട്ടെണ്ണുന്നത്. സ്വർണക്കട്ടികളും ആഭരണങ്ങളും നോട്ടുകെട്ടുകൾക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച അർപ്പിതയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അവരെ അറസ്റ്റുചെയ്തത്.
അതിനിടെ ഇ.ഡി.യുടെ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി പാർഥയെയും അർപ്പിതയെയും വീണ്ടും വിശദമായി ചോദ്യംചെയ്തതായി അധികൃതർ പറഞ്ഞു. ഇരുവർക്കും വൈദ്യപരിശോധനയും നടത്തി. തന്റെ ഫ്ളാറ്റുകൾ മന്ത്രിയും സംഘവും ഒരു മിനി ബാങ്കുപോലെ കരുതിയിരുന്നുവെന്ന് അർപ്പിത എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ഇ ഡി യുടെ കസ്റ്റഡിയിലുള്ള പാർഥ ചാറ്റർജിയുടെ രാജിക്കാര്യത്തിൽ തീരുമാനം വൈകുകയാണ്. നിലവിൽ രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഔദ്യോഗിക വാഹനം ചൊവ്വാഴ്ച തന്നെ മന്ത്രി തിരിച്ചയച്ചിരുന്നു. ഇത് ഊഹാപോഹങ്ങൾക്കിടയാക്കിയതിനാലാണ് മന്ത്രിയോട് രാജിക്കാര്യത്തെപ്പറ്റി ചോദ്യമുണ്ടായത്. എന്നാൽ സ്വമേധയാ ഒഴിയുന്നില്ലെന്ന സൂചനയാണ് മന്ത്രി നൽകിയത്. പത്തുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിലായതിനാൽ വാഹനത്തിന് ഉപയോഗമില്ലാത്തതിനാൽ തിരിച്ചയച്ചു എന്നാണ് വിശദീകരണം.
പാർഥയുടെ കാര്യത്തിൽ തൃണമൂൽ കോൺഗ്രസിന് വൈകാതെ തീരുമാനമെടുക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ തെരുവിലിറങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മന്ത്രിസഭയുടെ യോഗം ചേരുന്നുണ്ട്. മന്ത്രി പാർഥയുടെ രാജിക്കാര്യം യോഗത്തിൽ ചർച്ചയാവും
Content Highlights; E D Raid at Arpita Mukherjee’s Flat