സ്വർണക്കടത്ത് കേസ് ബെംഗലൂരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഇ ഡി സുപ്രീം കോടതിയിൽ
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണം എന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതിനുള്ള സാധ്യതകൾ ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഇ ഡി ഉയർത്തിയിരിക്കുന്നത്.
കേസ് ബെംഗളൂരുവിലെ കോടതിയിലേക്കു മാറ്റണം എന്നാണ് ആവശ്യം. എറണാകുളം സെഷൻസ് കോടതിയിലാണ് നിലവിൽ കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള സാഹചര്യം കേരളത്തിൽ ഉണ്ടായ പശ്ചാത്തലത്തിലാണ് ഇ ഡി ഇത്തരത്തിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
സർക്കാർ സർവീസിലുള്ള ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ സംസ്ഥാനത്ത് നീതിപൂർവമായ വിചാരണയ്ക്ക് സാഹചര്യമുണ്ടാകില്ലെന്നു വിലയിരുത്തലുണ്ട്. എം.ശിവശങ്കർ ഇ ഡിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് പുസ്തകം എഴുതിയതും ശിവശങ്കർ സ്വാധീനിച്ചാണ് സ്വപ്ന സുരേഷ് ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയത് എന്നുള്ള വെളിപ്പെടുത്തലും കോടതി മാറ്റത്തിനു കാരണമായി ഇ ഡി ചൂണ്ടിക്കാട്ടുന്നു.
Content Highlights: ED Seeking to Shift Diplomatic Gold smuggling case to Bangalore