എരഞ്ഞോളി ബോംബ് സ്ഫോടനം, പറഞ്ഞുകുടുങ്ങി സീന, കള്ളം പൊളിഞ്ഞപ്പോള്‍ ഉരുണ്ടുകളി
കണ്ണൂര്‍: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തില്‍ വയോധികന് മരിച്ച സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സീന എന്ന യുവതി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് പ്രദേശവാസികളും പഞ്ചായത്ത് അംഗങ്ങളും.
കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള സ്ഥലമാണിതെന്നും സിപിഎമ്മുകാര്‍ ബോംബ് നിര്‍മ്മിക്കുന്നത് പതിവാണെന്ന യുവതിയുടെ ആരോപണം കള്ളമാണെന്നും ഇവര്‍ പറയുന്നു.
എരഞ്ഞോളിയില്‍ സ്ഫോടനമുണ്ടായശേഷം സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ യുവതി പറഞ്ഞ പല കാര്യങ്ങളിലും ഉറച്ചു നില്‍ക്കാനാകാതെ ഉരുണ്ടുകളിക്കുകയാണ്. പാര്ട്ടിക്കാര് ബോംബ് കൊണ്ടുപോയെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ യുവതി പിന്നീട് 28 വര്‍ഷം മുന്‍പ് തന്റെ വീട്ടില്‍ നിന്നും കൊണ്ടുപോയ കാര്യമാണ് പറഞ്ഞതെന്ന് ചാനലില്‍ മാറ്റിപ്പറഞ്ഞു.
മാധ്യമശ്രദ്ധകിട്ടിയതോടെ ആളാകാനും പേരെടുക്കാനുമാണ് ഇവരുടെ ശ്രമമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സിപിഎമ്മിനെതിരെ ആരോപണ ഉന്നയിച്ചതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ വലിയ ശ്രദ്ധയാണ് യുവതിക്ക് നല്‍കിയത്. എന്നാല്‍, ചാനലുകളില്‍ ചര്‍ച്ചയ്ക്കെത്തിയതോടെ പല കാര്യങ്ങളിലും ഉരുണ്ടുകളിക്കുന്നതുകാണാം. ബോംബ് സ്ഫോടനം സിപിഎമ്മിനെതിരായ ആയുധമാക്കാന്‍ സ്ത്രീയെ ഉപയോഗിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും കള്ളം പൊളിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, കാര്യമറിയാനാണ് വീട്ടിലെത്തിയതെന്നും ഇവര്‍ നാടുവിടുകയാണെന്ന് അറിഞ്ഞ് അതിന്റെ ആവശ്യമില്ലെന്നുമാണ് അവരോട് പറഞ്ഞതെന്ന് വാര്‍ഡ് അംഗമായ നിമിഷ പറഞ്ഞു. ചെറുപ്പം മുതല്‍ അറിയുന്ന വീട്ടുകാരാണ് സീനയുടേത്. വളരെ സഹകരിച്ച് ജീവിക്കുന്ന ആളുകളുള്ള ഒരിടത്ത് നിന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും അവര്‍ വ്യക്തമാക്കി.
മതമോ രാഷ്ട്രീയമോ നോക്കാതെ, സമാധാനത്തില്‍ ജീവിക്കുന്ന ആ പ്രദേശത്തെ കുറിച്ചാണ് സീന ആരോപണം ഉന്നയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റായ എം പി ശ്രീഷ പറഞ്ഞു. നാട് മൊത്തത്തില്‍ നാണം കെട്ടു. എന്നാല്‍ അതിന് തക്കതായ കാര്യമോ കാരണങ്ങളോ അവിടെയില്ല. ഏതെങ്കിലും തരത്തില്‍ സംഘര്‍ഷങ്ങളോ പ്രശ്നങ്ങളോ ഉള്ള പ്രദേശമല്ല ഇത്. പരസ്പരം അത്രത്തോളം സഹകരിച്ചാണ് കഴിയുന്നത്. പ്രദേശത്ത് സീനയുടേത് അടക്കം 73 ഓളം കുടുംബങ്ങള്‍ കോണ്‍ഗ്രസുകാരാണ്. അത്തരത്തില്‍ രാഷ്ട്രീയ വ്യത്യാസം നോക്കി ഒരിക്കല്‍ പോലും ഇടപെടേണ്ടി വന്നിട്ടില്ല. നാട്ടുകാരും പാര്‍ട്ടി നോക്കിയല്ല, ജനപ്രതിനിധി എന്ന തരത്തില്‍ തന്നെയാണ് ഇടപെട്ടിരുന്നതെന്നും അവര്‍ പറഞ്ഞു