ട്രെയിനിൽ പതിനാറുകാരിക്ക് അതിക്രമം; അന്വേഷണത്തിൽ അനാസ്ഥയെന്ന് കുടുംബം
ട്രെയിനില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. തൃശൂർ ജില്ലക്കാരായ പ്രതികൾ ഒളിവിലാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്ന് പറഞ്ഞ് പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
സീസൺ ടിക്കറ്റിൽ യാത്രചെയ്തിരുന്ന പ്രതികളെക്കുറിച്ചുള്ള പൂർണ വിവരം എറണാകുളം സൗത്ത് റെയിൽവേ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഫോണിൽ ഇവരുമായി ഒടുവിൽ സംസാരിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരിലൂടെ പ്രതികളുടെ ഒളിസങ്കേതം കണ്ടെത്താനാണ് പോലീസ് നീക്കം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് റെയിൽവേ പോലീസ് അന്വേഷണം നടത്തുന്നത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് പ്രതികൾ. പ്രതികൾക്ക് ട്രെയിനിൽ വച്ചുള്ള പരിചയം മാത്രമാണുള്ളതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിലും, പരാതി നൽകിയിട്ടും അനങ്ങാത്ത റെയിൽവേ ഗാർഡിനെതിരെയും നിയമനടപടി വേണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
പൊലീസിന്റെയും റെയിൽവെയുടെയും അനാസ്ഥ ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പോലീസ് നൽകുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഗുരുവായൂര്‍ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. കേസിൽ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് വിക്ടിംസ് റൈറ്റ് സെന്റർ റെയിൽവേ പോലീസിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Content Highlights: Girl Assault in train family moves to court