മേരി എവിടെ? മൊഴികളിലെ വൈരുദ്ധ്യം
കുഴപ്പിക്കുന്നു, തെരഞ്ഞ് നാട്
കേരളത്തെ ഞെട്ടിച്ച് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടു പോകൽ. തിരുവനന്തപുരം പേട്ട ഓള് സെയിന്റ്സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ കാണാതായ സംഭവം കേരളത്തെ പിടിച്ചുലയ്ക്കുന്ന മണിക്കൂറുകളാണിത്. കൊല്ലത്ത് നിന്നും കാണാതായ പെണ്‍കുഞ്ഞിനെ തിരികെ കിട്ടിയപോലെ മേരിയേയും തിരികെ കിട്ടണമേയെന്ന പ്രാര്‍ഥനയിലാണ് നാട്. അന്ന് ആ പെണ്‍കുട്ടിയെ തിരികെ ലഭിക്കാന്‍ പ്രധാന കാരണമായത് കുട്ടിയുടെ സഹോദരന്റെ ഉറച്ച മൊഴിയായിരുന്നു. ഇവിടെയും മേരിയുടെ സഹോദരന്മാര് നല്കുന്ന മൊഴി ആ പെണ്‍കുഞ്ഞിനെ കണ്ടെത്താനുള്ള വഴിയാകേണ്ടതാണ്. എന്നാല്‍ ഇവരുടെ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങളുള്ളതായാണ് വിവരം.
മൂത്ത സഹോദരനാണ് തങ്ങള്‍ വഴിയിരികില്‍ കിടക്കുമ്പോള്‍ സമീപത്ത് ഒരു മഞ്ഞ സ്കൂട്ടര്‍ വന്നു നിന്നുവെന്നും അതില്‍ രണ്ടുപേരുണ്ടായിരുന്നു അവരാണ് മേരിയെ എടുത്തുകൊണ്ട് പോയത് എന്നും പറഞ്ഞത്. ആദ്യം പൊലീസിനോട് ഇക്കാര്യം പറഞ്ഞ കുട്ടി വിശദമായി വിവരങ്ങള്‍ ചോദിച്ചറിയവേ തന്റെ ഇളയ സഹോദരനാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് മൊഴി തിരുത്തി. പിന്നാലെ ഇളയ സഹോദരനോട് വിവരം തിരക്കിയപ്പോള്‍ താനത് ഓര്‍ക്കുന്നില്ല, ശ്രദ്ധിച്ചില്ല എന്നൊക്കെയാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ഇതോടെ ആരാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
അതീവ സുരക്ഷയുള്ള മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകല്‍. തൊട്ടടുത്ത് വിമാനത്താവളവും ബ്രഹ്മോസുമുണ്ട്. പ്രധാന പാതയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് കുഞ്ഞിനെ കാണാതായത്. ചാക്കയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ സിസിടിവികളുണ്ട്. എന്നാല്‍ റോഡ് പണി നടക്കുന്നതിനാല്‍ പലതും പ്രവർത്തനക്ഷമം അല്ല.തിരുവനന്തപുരത്ത് ഏറ്റവുമധികം അതിഥി തൊഴിലാളികളുള്ള സ്ഥലമാണിത്. മറ്റ് ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിനാണ് അന്വേഷണ ചുമതല.
ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് മേരി. തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവർ. ഇവർക്ക് നാലു കുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. അതിനിടെയാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. കൊതുക് വലയ്ക്കുള്ളില്‍ അച്ഛനും അമ്മയ്ക്കും ഇടയിലായി കിടന്ന കുഞ്ഞിനെയാണ് കാണാതായതെന്നാണ് വിവരം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 0471-2501801, 9497990008, 9497947107 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കുക. കണ്ട്രോള് റൂം നമ്പര്‍– 112