പാർലെമെന്റിൽ വിലക്ക് വാക്കിന് മാത്രമല്ല, പ്രതിഷേധമോ പ്രകടനമോ പാടില്ലെന്ന് ഉത്തരവ്
പാര്‍ലമെന്റിന് പരിസരത്ത് പ്രതിഷേധ ധര്‍ണയ്ക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്കേര്‍പ്പെടുത്തി. സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. അഴിമതി, ഏകാധിപതി തുടങ്ങിയ അറുപത്തഞ്ച് വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് തൊട്ടു പിന്നാലെയാണ് പ്രതിഷേധങ്ങളും വിലക്കിയത്.
രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ സി മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിര്‍ദേശങ്ങളോട് പാര്‍ലമെന്റ് അംഗങ്ങള്‍ സഹകരിക്കണമെന്നും സെക്രട്ടറി ജനറല്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ടുള്ള പുതിയ നടപടി.
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത് മുമ്പ് പ്രതിപക്ഷം സഭയ്ക്ക് മുമ്പില്‍ ധര്‍ണ നടത്താറുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടികളില്‍ ഇരുന്നോ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ ആണ് പതിവായി പ്രതിഷേധ പ്രകടനങ്ങൾ നടത്താറുള്ളത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷകാല സമ്മേളന കാലത്ത് പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങളൊന്നും നടക്കില്ല. പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ എന്ത് വിലകൊടുത്തും നിയന്ത്രിക്കുകയാണ് ഇത്തരം ഉത്തരവിലൂടെ കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
Content Highlights : Government order to ban protest Infront of Parliament