ടീസ്റ്റ സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും
ഗുജറാത്ത് പൊലീസ് മുംബൈയിൽ വെച്ച് ഇന്നലെ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചിന്റെ മേൽനോട്ടത്തിലാണ് ചോദ്യം ചെയ്യൽ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഇന്നലെയാണ് രണ്ട് പേരെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റ പ്രവർത്തിക്കുന്ന സംഘടന തികച്ചും അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രതകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റയെ പൊലിസ് കസ്റ്റഡിയിൽ എടുക്കുന്നത്. മുബൈയിൽ നിന്ന് ഇന്നലെ അർദ്ധരാത്രി ടീസ്റ്റയെ അഹമ്മദാബാദിൽ എത്തിച്ചു. ആർ.ബി ശ്രീകുമാറിനെ അഹമ്മദാബാദിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കൂടാതെ ജയിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ പേരും എഫ് ഐ ആറിലുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ഗുജറാത്ത് കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ഗുജറാത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം പി ഇഹ്സാൻ ജഫ്രിയുടെ ഭാര്യ ജഫ്രി ഉന്നയിച്ച ആരോപണങ്ങൾ വെള്ളിയാഴ്ച സുപ്രിംകോടതി തള്ളിയിരുന്നു. കേസിൽ ഹരജിക്കാരിയായ ടീസ്റ്റ സാകിയ ജഫ്രിയുടെ വികാരം മുതലെടുത്തെന്ന് കോടതി വിധിയിൽ പരാമർശമുണ്ടായിരുന്നു. തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷാ ടീസ്റ്റക്കെതിരെ പ്രതികരിച്ചത്.
Content Highlights: Gujrat Riots Teesta And R B Sreekumar Questioning today