ഹെലികോപ്ടറിന്റെ ബ്ലേഡിൽ തട്ടി യുവാവിന് ദാരുണാന്ത്യം
ഹെലികോപ്ടറിന്റെ ബ്ലേഡുകള് തട്ടി പരിക്കേറ്റ് ഇരുപത്തിയൊന്നുകാരന് മരിച്ചതായി റിപ്പോര്ട്ട്. ബ്രിട്ടനില് നിന്ന് ഗ്രീസില് വിനോദസഞ്ചാരത്തിനെത്തിയ യുവാവിനാണ് സ്വകാര്യ വിമാനത്താവളത്തില് ദാരുണാന്ത്യം സംഭവിച്ചത്. മറ്റ് മൂന്നു സുഹൃത്തുക്കളും യുവാവിനൊപ്പമുണ്ടായിരുന്നു. ജൂലായ് 25 ന് വൈകിട്ട് 6.20 ഓടെയായിരുന്നു സംഭവം. ഉടനെ തന്നെ പോലീസ് എത്തിയെങ്കിലും ഗുരുതരപരിക്കുകളേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം.
എന്ജിന് പ്രവര്ത്തിക്കുകയാണെന്നും പ്രൊപ്പെല്ലര് കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിയാതെയാണ് യുവാവ് ബെല് 407 ഹെലികോപ്ടറിന്റെ പിന്നിലെത്തിയത്. ഹെലികോപ്ടറിന്റെ പിന്ഭാഗത്തെ റോട്ടര് തട്ടിയാണ് അപകടമുണ്ടായത്. യുവാവിന്റെ മാതാപിതാക്കള് മറ്റൊരു ഹെലികോപ്ടറില് വിമാനത്താവളത്തിലേക്ക് സഞ്ചിരിക്കുന്നുണ്ടായിരുന്നെങ്കിലും അപകടദൃശ്യം അവര് കാണാതിരിക്കാനായി ഹെലികോപ്ടര് വഴിതിരിച്ചുവിട്ടു.
മൈക്കോണോസില് നിന്ന് മടങ്ങിയ സഞ്ചാരസംഘം ബ്രിട്ടനിലേക്ക് മടങ്ങുന്നതിനായി ഏതന്സ് അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പോകുന്നതിനാണ് സ്വകാര്യ വിമാനത്താവളത്തിലെത്തിയത്. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ ഹെലികോപ്ടറിന്റെ പൈലറ്റിനേയും രണ്ട് ഗ്രൗണ്ട് ടെക്നീഷ്യന്മാരേയും അറസ്റ്റ് ചെയ്തു. ഹെലികോപ്ടര് പ്രവര്ത്തിച്ചു കൊണ്ടിരിക്കെ സമീപത്തുള്ള ഹെലികോപ്ടറില് നിന്ന് യാത്രക്കാരെ ഇറങ്ങാന് അനുവദിച്ചതിനെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അധികൃതര് അറിയിച്ചു.
Content highlights : Helicopter blade accident death