കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഐ ജിയുടെ റിപ്പോർട്ട്
കോഴിക്കോട് വടകരയില്‍ വാഹനമിടിച്ചതിന്റെ പേരിൽ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സജീവന് പ്രാഥമിക ചികിത്സ നല്കുന്നതില് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നാണ് ഐ ജിയുടെ കണ്ടെത്തല്‍.
നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലീസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. രോഗി എന്ന നിലയിലുള്ള പരിഗണന സജീവന് നല്‍കിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
സ്റ്റേഷനിൽ അന്നേ ദിവസം എന്താണ് സംഭവിച്ചത് എന്ന കാര്യം കൃത്യമായി ബോധ്യപ്പെട്ടതിനാലാണ് എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ തുടര്‍നടപടികൾ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ സഹിതം ഉടൻ തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സജീവന്റെ മരണത്തിന് കാരണമായത് ഹൃദയാഘാതം തന്നെയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.
സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ എസ് ഐ നിജീഷ്, എ എസ് ഐ അരുണ്‍, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര് നായര്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ടാ വീഴ്ച സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നുണ്ട്.
Content Highlights: IG Report on Man Died police custody at vadakara