വിനയാന്വിതമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ പൊതുപ്രവര്‍ത്തകനായിരുന്നു ഒ വി നാരായണനെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റുമായ ഒ വി നാരായണന്റെ(83) നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വിനയാന്വിതമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ പൊതുപ്രവര്‍ത്തകനായിരുന്നു ഒ വി നാരായണനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു അന്ത്യം. ഏപ്രില്‍ 28ന് പുലര്‍ചെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ പരിയാരം മെഡികല്‍ കോളജില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഎം മാടായി ഏരിയ കമിറ്റി ഓഫിസില്‍ എത്തിച്ചു. എരിപുരം എകെജി മന്ദിരത്തിലും തുടര്‍ന്ന് സിപിഎം ഏഴോം ലോകല്‍ കമിറ്റി ഓഫിസിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. 3.30 ന് ഏഴോം പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
ദീര്‍ഘകാലം സിപിഎം ജില്ലാ സെക്രടറിയറ്റ് അംഗവും ജില്ലാ കമിറ്റി അംഗവുമായിരുന്നു. കര്‍ഷകത്തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് നേതൃനിരയിലെത്തി. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സംസ്ഥാന കമിറ്റി അംഗം എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ക്ലേ ആന്‍ഡ് സിറാമിക് ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.