ഇസ്രായേൽ സേന നടത്തുന്ന കണ്ണില്ലാ ക്രൂരത വീണ്ടും; യുദ്ധമവാസിനിപ്പിക്കാൻ ഒരുക്കമല്ലെന്ന് ബെഞ്ചമിൻ നെതന്യാഹു
പിഞ്ചു കുഞ്ഞുങ്ങളടക്കം ഗസ്സയിലെ മനുഷ്യരോട് ഇസ്രായേൽ സേന നടത്തുന്ന കണ്ണില്ലാ ക്രൂരതകളുടെ വാർത്തകൾ ലോക മനസാക്ഷിയെ പിടിച്ചുലക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മരണത്തുരുത്തായി മാറിയ ഫലസ്തീനിൽ യുദ്ധമവാസിനിപ്പിക്കാൻ ഒരുക്കമല്ലെന്ന് വീണ്ടും വീണ്ടും പ്രഖ്യാപിച്ച് കൊണ്ടേയിരിക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു.ഇപ്പോഴിതാ ഇസ്രായേൽ ക്രൂരതയുടെ കൂടുതൽ ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ ലോക മനസ്സാക്ഷിക്ക് മുന്നിൽ വെളിപ്പെടുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച 14 വയസ്സുള്ള ഒരു ഫലസ്തീനി ബാലനെ വെടിവച്ച് കൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടു പോയി. ഇസ്രായേൽ സേന ബാലനെ പിന്തുടർന്ന് വെടിവക്കുകയായിരുന്നു. ആദ്യം വെടിയേറ്റപ്പോൾ അഞ്ച് മീറ്ററോളം പരിക്കുകളോടെ ഓടിയ കുട്ടിയുടെ പുറകെ കൂടി തുരുതുരെ വെടിവച്ചു. ശേഷം സേന മൃതദേഹം തട്ടിക്കൊണ്ടു പോയി. ഫലസ്തീനി കുട്ടികളുടെ മൃതദേഹങ്ങളെ പോലും ഇസ്രായേൽ സേന വെറുതെ വിടാനൊരുക്കമല്ല. ബന്ധുമിത്രാദികൾക്ക് മൃതദേഹങ്ങൾ നൽകാതെ മോഷ്ടിച്ച് കൊണ്ടു പോകുന്നൊരു സൈന്യം മറ്റെവിടെയുണ്ടാകും.
ഗസ്സയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങളുമായി പോയ യു.എൻ ട്രക്കും വെടിവെച്ച് തകർത്തിരിക്കുകയാണ് ഇസ്രായേൽ. യുഎൻ അഭയാർത്ഥി ഏജൻസി ഡയറക്ടറാണ് ഇസ്രായേൽ അതിക്രമം പുറത്തുവിട്ടത്. യു.എൻ ഏജൻസിയുടെ നേതൃത്വത്തിൽ വടക്കൻ ഗസ്സയിൽ എത്തിയ ട്രക്കാണ് ഇസ്രായേൽ സേന വെടിവെച്ച് ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചത്. വെടിവെപ്പിൽ ദുരിതാശ്വാസ പ്രവർത്തകർക്കും ട്രക്കിലെ ജീവനക്കാർക്കും പരിക്കേറ്റിട്ടില്ല എന്നതാണ് ആശ്വാസം. ഏകപക്ഷീയമായ വെടിവെപ്പിൽ തകർന്ന ട്രക്കിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.. ഇസ്രായേലിന്റെ യുദ്ധവെറിയിൽ തകർന്ന ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സംഘടനയാണ് യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി. 75 വർഷം മുമ്പ് രൂപീകൃതമായ സംഘടന വീടുകളും മാതാപിതാക്കളും നഷ്ടമായ പതിനായിരക്കണക്കിന് ഫലസ്തീനികൾക്ക് ഭക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന പിന്തുണയൊരുക്കുന്നതിൽ മുൻപിലാണ്. അതോടൊപ്പം ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്.
ഗസ്സയിലെ ജനതക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താൻ സാധ്യമായ എല്ലാ നടപടിയും തുടരുമെന്നും ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്ക ഉറപ്പ്നൽകി. അതോടൊപ്പം യുനർവ ജീവനക്കാർക്കു നേരെയുള്ള ഇസ്രായേൽ ആരോപണം അന്വേഷിക്കാൻ യു.എൻ സെക്രട്ടറി ജനറൽ സ്വതന്ത്ര ആഗോള സമിതിക്ക് രൂപം നൽകി. ഗസ്സ യുദ്ധം ഗൾഫ് മേഖലയിലേക്ക് പടരുന്നത് തടയാൻ എല്ലാവിധ പിന്തുണയും വേണമെന്ന് ബ്ലിങ്കന് ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സന്ദർശനഭാഗമായി സൗദി അറേബ്യയിലെത്തിയ ബ്ലിൻകൻ യെമനിൽ ഹൂതികൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണം ആഗോള സമുദ്ര വാണിജ്യം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ മാത്രം ഭാഗമാണെന്ന് വിശദീകരിച്ചു. സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ ഇറാൻ അനുകൂല സായുധവിഭാഗങ്ങൾ നടത്തുന്ന ഈ നടപടികൾ മേഖലയുടെ സുരക്ഷക്ക് കൂടി വെല്ലുവിളിയാണെന്നും ബ്ലിൻകൻ പ്രതികരിച്ചു. അതേ സമയം ഗസ്സയിൽ തുടരുന്ന യുദ്ധത്തിന് അറുതി വേണമെന്നും ഫലസ്തീൻ ജനതക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താൻ അടിയന്തര നീക്കം ഉണ്ടാകണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഖത്തർ നേതാക്കളുമായി വെടിനിർത്തൽ പുരോഗതി സംബന്ധിച്ച് ബ്ലിൻകൻ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
നാലു മാസത്തേക്ക് വെടിനിർത്തൽ ഉറപ്പാക്കാൻ ഇസ്രായേൽ നേതാക്കൾക്കു മേൽ അമേരിക്ക സമ്മർദം തുടരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വെടിനിർത്തൽ തന്നെയാണ് ബ്ലിങ്കന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് വ്യക്തമാക്കിയിരുന്നു. ഹമാസിന്റെ വെടിനിർത്തൽ ഉപാധികൾ ഒട്ടും സ്വീകാര്യമല്ലെന്ന് നെതന്യാഹു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഗസ്സയിൽ ഹമാസിനു മേൽ കടുത്ത സമ്മർദം രൂപപ്പെടുത്തുന്നതിൽ സൈന്യം വിജയിക്കുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പ്രതികരിച്ചു. എന്നാൽ പ്രതിരോധം അജയ്യമാണെന്നും ഇസ്രായേൽ പരാജയപ്പെടുകയാണെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കി.