‘ഊതിക്കാൻ വന്ന സാറുമ്മാര് കൂടി ഊതിയിട്ട് പോയാല്‍ മതി’; കോതമംഗലത്ത് കെഎസ്ആര്‍ടിസി ബ്രത്തലൈസര്‍ ടെസ്റ്റിനിടെ ട്വിസ്റ്റ്
കൊച്ചി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്താൻ നടത്തുന്ന കെഎസ്ആർടിസിയുടെ ശ്രമത്തിന് കോതമംഗലത്ത് ട്വിസ്റ്റ്.
കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്ന് പുലർച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസണ് തുടങ്ങിയവർ ഡിപ്പോയിലെത്തി. രാവിലെ സർവീസിന് പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
ഇതിനിടയില്‍ 8.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറില്‍ ഊതിച്ചു. മെഷീനില്‍ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാല്‍ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിലെത്തി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു.
ഇതോടെ സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനെ ഊതിക്കാനായി തീരുമാനം. സ്റ്റേഷൻ മാസ്റ്ററിന്റെ ശ്വാസത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത 40%. തുടർന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോള്‍ അളവ് 48%. സ്റ്റോർ ജീവനക്കാരിയായ അമ്ബിളി ഊതിയപ്പോള്‍ 40%. ഓഫിസ് ജീവനക്കാരനായ അജീഷ് ലക്ഷ്മണൻ ഊതിയപ്പോള്‍ 35 ശതമാനം.
ഇതോടെ, ‘ഊതിക്കാൻ വന്ന സാറുമ്മാർ കൂടി ഊതിയിട്ട് പോയാല്‍ മതി’ എന്നായി ജീവനക്കാർ. അങ്ങനെ ഇൻസ്പെക്ടർ രവി ഊതിയപ്പോള്‍ മദ്യത്തിന്റെ അളവ് 45%. രാവിലെ ‘ഫിറ്റാ’യി ബ്രത്തലൈസർ കാണിച്ചവരാരും തന്നെ മദ്യപിക്കുന്നവരല്ല എന്നതാണ് കൗതുകം. പെട്ടുപോയത് കേടായ ബ്രത്തലൈസറുമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും. അതേസമയം പുലർച്ചെ നാലുമുതല്‍ എട്ടുവരെ പരിശോധന നടത്തിയപ്പോള്‍ കുഴപ്പമില്ലായിരുന്നുവെന്നും 8.05 മുതല്‍ പരിശോധിച്ചപ്പോഴാണ് ബ്രത്തലൈസർ കുഴപ്പം കാട്ടിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.