‘മുഖ്യമന്ത്രിക്കെതിരെ രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് വധശ്രമത്തിന് കേസെടുത്തത്’- കെ എസ് ശബരീനാഥൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് തനിക്കെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തിയിരിക്കുന്നതെന്ന് അരുവിക്കര മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്ക് ഹാജരാക്കാൻ കൊണ്ടുപോവുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അറസ്റ്റ് രേഖപ്പെടുത്തിയത് 12.30 ക്കാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സർക്കാർ അഭിഭാഷകൻ പറയുന്നത്. മുഖ്യമന്ത്രിയ വിമാനത്തിൽ അക്രമിക്കാൻ ശ്രമിച്ച കേസിലെ നാലാം പ്രതിയായിട്ടാണ് ശബരിനാഥിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരിനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ പൊലീസ് ശബരീനാഥന് നോട്ടീസ് നൽകിയിരുന്നത്.
Content Highlights: K S Sabarinadhan on Indigo controversy arrest