പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളം ഇല്ല: കെ.സുരേന്ദ്രൻ
കൊച്ചി: കേരളത്തിൽ പ്രതിപക്ഷ സഹകരണമില്ലെന്ന കെസി വേണു ഗോപാലിന്റെയും സീതാറാം യെച്ചൂരിയുടേയും പ്രസ്താവന തട്ടിപ്പ് തന്ത്രം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളമില്ലേയെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ബിജെപി ജയിക്കാതിരിക്കാൻ കേരളത്തിൽ നേരത്തെയുള്ള യുഡിഎഫ്-എൽഡിഎഫ് ധാരണ 2024 ലും ഉണ്ടാകുമെന്നുറപ്പാണ്. തിരുവനന്തപുരത്തും മഞ്ചേശ്വരത്തും പാലക്കാടുമൊക്കെ ഈ അവിശുദ്ധ സഖ്യം കേരളം കണ്ടതാണ്. ഇതിനെ അണികൾ ചോദ്യം ചെയ്യാതിരിക്കാനാണ് ദേശീയ നേതാക്കൾ തന്നെ സഖ്യമില്ലെന്ന് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് യെച്ചൂരി കേരളത്തിൽ വന്നാൽ ആർക്കെതിരെയാവും സംസാരിക്കുക? പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽഗാന്ധിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും ആക്രമിക്കാൻ സിപിഎം ജനറൽസെക്രട്ടറിക്ക് സാധിക്കുമോ? രാഹുൽ ഗാന്ധി പിണറായി വിജയനെതിരെ കേരളത്തിൽ സംസാരിക്കുമോ? ബംഗാളിൽ സിപിഎമ്മുകാരെ തൃണമൂൽ കോൺഗ്രസുകാർ കൊന്നൊടുക്കുകയാണ്. അവിടെ അവരെ രക്ഷിക്കാൻ ബിജെപി മാത്രമേയുള്ളൂ. കേരളത്തിൽ സിപിഎമ്മിന്റെ അക്രമം നേരിടുന്ന കോൺഗ്രസ് പ്രവർത്തകരെ അവരുടെ നേതൃത്വം സംരക്ഷിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിലെ കാപട്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വഞ്ചനാപരമായ സഖ്യം മാത്രമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
മണിപ്പൂരിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. രാജ്യം മുഴുവൻ കലാപമുണ്ടാക്കിയവരാണ് ഇപ്പോൾ മണിപ്പൂരിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത്. മണിപ്പൂരിലെ കലാപം മതപരമായതല്ല. അയൽ രാജ്യങ്ങളിൽ നിന്നും കലാപകാരികൾക്ക് സഹായം കിട്ടുന്നുണ്ടെന്ന വാർത്ത പുറത്തുവരുന്നുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.